കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് ഇന്ത്യ മുന്നണിയായി മത്സരിക്കാനുള്ള നീക്കത്തിന് വന്‍ തിരിച്ചടി. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി.ഇന്ത്യ മുന്നണി നേതൃത്വവുമായുള്ള സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം.
കോണ്‍ഗ്രസുമായി നടത്തിയ സീറ്റു ചര്‍ച്ച പരാജയപ്പെട്ടതായി മമത സൂചിപ്പിച്ചു. തങ്ങള്‍ മുന്നോട്ടു വെച്ച നിര്‍ദേശം കോണ്‍ഗ്രസ് തള്ളി. ഇതേത്തുടര്‍ന്ന് തൃണമൂല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത അറിയിച്ചു. മമത ബാനര്‍ജി അവസരവാദിയാണെന്നും, മമതയുടെ പിന്തുണയില്ലാതെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മമതയുടെ തീരുമാനം.