കൊൽക്കത്ത: അയോധ്യയിലെ രാമക്ഷേത്രം ഉപയോഗിച്ച് വോട്ട് പിടിക്കുന്ന ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനോട് നടപടി ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്. ബി.ജെ.പിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലെ പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ രാജ്യസഭാ എം.പി സാകേത് ഗോഖലെ രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാംപയിനിൽ മതം ഉപയോഗിക്കരുതെന്ന് ഉത്ബോധനം നടത്തുന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതിനെ പൂർണമായി അവഗണിക്കുകയാണെന്ന് എം.പി കുറ്റപ്പെടുത്തി.
നിങ്ങളുടെ ഒറ്റ വോട്ടിന്റെ ശക്തി എന്നു പറഞ്ഞ് രാംലല്ലയുടെ ചിത്രമാണ് ബി.ജെ.പി അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘അവർ പറയുന്നു: ബി.ജെ.പിക്കുള്ള നിങ്ങളുടെ ഒരു വോട്ട് കൊണ്ട് കാര്യമായ മാറ്റമൊന്നും ഉണ്ടാകില്ല. എന്നാൽ ഇതാണ് വ്യത്യാസം.’-ഈ കുറിപ്പോടെയാണ് രാംലല്ലയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. മറ്റു പാർട്ടിക്കാരുടെ പോസ്റ്റുകൾ എക്സിൽനിന്നു നീക്കം ചെയ്യുമ്പോൾ ബി.ജെ.പിക്കെതിരെ ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് സാകേത് ഗോഖലെ ആരോപിക്കുന്നു. ബി.ജെ.പിയെ എന്തുകൊണ്ട് പരസ്യമായി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽനിന്ന് ഒഴിവാക്കുന്നുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെയും കമ്മിഷൻ വക്താവിനെയും ടാഗ് ചെയ്ത് അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ദിവസവും ബി.ജെ.പിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ സമാനമായ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ നിരവധി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി പെരുമാറ്റച്ചട്ടം ലംഘിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കമ്മിഷൻ പക്ഷപാതരപരമായാണു പെരുമാറുന്നതെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
നേരത്തെ, വിവിധ പ്രതിപക്ഷ പാർട്ടികളുടെ എക്സ് പോസ്റ്റുകൾ നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ, ഇതേ സമയം ബി.ജെ.പിക്കെതിരെ ഒരു നടപടിയുമുണ്ടാകുന്നില്ലെന്നാണു പരാതി. ആം ആദ്മി പാർട്ടി, വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി, തെലുഗുദേശം പാർട്ടി എന്നിവയുടെ പോസ്റ്റുകൾ നീക്കം ചെയ്യാനാണ് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നത്. സംഭവത്തിൽ കമ്മിഷന് രണ്ട് പരാതികൾ നൽകിയിട്ടുണ്ടെന്ന് ആം ആദ്മി പാർട്ടി വക്താവ് പ്രിയങ്ക കക്കാർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ, പരാതിയിൽ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല.