കാസര്‍കോട് : മഞ്ചേശ്വരത്ത് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അച്ഛനും മകനും അടക്കം മൂന്ന് പേര് മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ബായിക്കട്ട സ്വദേശികളായ ജനാര്‍ഥന, മകന് അരുണ്‍, ബന്ധു കൃഷ്ണകുമാര്‍ എന്നിവരാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന കര്‍ണാടക സ്വദേശിയെ ഗുരുതര പരിക്കുകളോടെ മംഗലൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
കൃഷ്ണകുമാറിനെ മംഗലൂരുവിലേക്ക് കൊണ്ടാക്കാന്‍ പോകുമ്പോള്‍ വാമഞ്ചൂരില്‍വെച്ച് ഇന്നലെ രാത്രി 10.30ഓടെയായിരുന്നു അപകടം. ഉപ്പള ചെക്ക് പോസ്റ്റിന് സമീപത്തെ പാലത്തിലെ കൈവരിയിലേക്ക് കാറിടിച്ച് കയറുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
നാട്ടുകാര്‍ ഓടിക്കൂടി കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു. അമിത വേഗമാണ് അപകട കാരണമെന്നാണ് മഞ്ചേശ്വരം പൊലീസിന്റെ പ്രാഥമിക നിഗമനം. പൂര്‍ണമായി തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് കര്‍ണാടക സ്വദേശിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.