കൊല്ലം : യുവാവിനെ മാരകായുധങ്ങളുമായെത്തി ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
പാവുമ്പ സ്വദേശിയായ അനിൽ കുമാറിനെ ആളുമാറി പ്രതികൾ ആക്രമിക്കുകയായിരുന്നു. ബിനു എന്ന തബൂക്ക് (26), ശ്രീകുട്ടൻ (24) രാജേഷ് (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കരുനാഗപ്പള്ളി മലയടക്കി ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ പ്രതികൾക്ക് അവിടെയുണ്ടായ സംഘർഷത്തിൽ മർദനമേറ്റിരുന്നു. പിന്നാലെ അത് വഴി സ്കൂട്ടറിലെത്തിയ അനിലിനെ മർദിച്ച സംഘത്തിലെ ആളാണെന്ന് തെറ്റിദ്ധരിച്ച് പ്രതികൾ ആക്രമിക്കുകയായിരുന്നു.
കമ്പി വടിയും, തടിക്കഷ്ണങ്ങളും കൊണ്ട് അനിൽകുമാറിനെ മർദിച്ചവശനാക്കിയശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.