കോഴിക്കോട് : താമരശേരിയിൽ എംഡിഎംഎയുമായി മൂന്നു യുവാക്കൾ പിടിയിൽ. താമരശേരി സ്വദേശികളായ സായൂജ് (33), ലെനിൻരാജ് (34), സിറാജ് (28) എന്നിവരാണ് കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പിടികൂടിയത്. വാടകയ്ക്കെടുത്ത മുറിയിൽ ചില്ലറ വിൽപ്പനയ്ക്കായി എംഡിഎംഎ പാക്ക് ചെയ്യുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്.
22 ഗ്രാം എംഡിഎംഎ കൂടാതെ ഇലക്ട്രോണിക് ത്രാസ്, പ്ലാസ്റ്റിക് പായ്ക്കിങ് കവറുകൾ, ലഹരി ഉപയോഗിക്കുന്ന ബോങ്ങ് എന്നിവയും മുറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. പിടിയിലായ സായൂജ് ഒരു വർഷത്തോളമായി കോഴിക്കോട്, വയനാട് ജില്ലകളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നു. ഇയാളുടെ സഹായികളാണ് പിടിയിലായ ലെനിൻരാജും, സിറാജുമെന്ന് പൊലീസ് പറഞ്ഞു.
ബെംഗളൂരുവിൽ നിന്ന് സായൂജ് എത്തിക്കുന്ന ലഹരി മരുന്ന് വാടക മുറിയിൽ വച്ച് പായ്ക്ക് ചെയ്ത് ഉപയോക്താക്കൾക്ക് മൊബൈൽ ഫോണിൽ ബന്ധപ്പെട്ട് വിൽക്കുന്നത്. ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതാണ് സായൂജിന്റെ രീതിയെന്നും പൊലീസ് പറഞ്ഞു. ഒരു മാസം മുൻപ് താമരശേരി അമ്പലമുക്കിൽ നാട്ടുകാരുടെ നേർക്ക് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം ഉണ്ടായിരുന്നു. അതേ ലഹരി മാഫിയ സംഘത്തിൽപെട്ടയാളാണ് സായൂജെന്നും പൊലീസ് വ്യക്തമാക്കി.