കുമളി: തമിഴ്നാട് കമ്പത്ത് കേരള റജിസ്ട്രേഷനുള്ള കാറിൽ മൂന്നംഗ സംഘത്തെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ടു പുരുഷന്മാരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചത് മലയാളികളാണെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കോട്ടയം രജിസ്ട്രേഷനിൽ (കെഎൽ 05 എയു 9199) ഉള്ളതാണ് ഹ്യുണ്ടെ ഗ്രാൻ്റ് ഐ10 കാർ. പുതുപ്പള്ളി സ്വദേശി അഖിൽ എസ് ജോര്‍ജ്ജിന്റെ ഉടമസ്ഥതയിലുള്ളതാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
കുമളി – കമ്പം പ്രധാന പാതയോടു ചേർന്ന് കൃഷിയിടത്തിലാണ് കാർ കിടന്നിരുന്നത്. കാറിന്റെ ഡ്രൈവിങ് സീറ്റിലും മുൻ സീറ്റിലുമാണ് പുരുഷൻമാരുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹം പിൻസീറ്റിൽ വിൻഡോ ഗ്ലാസിൽ മുഖം ചേർത്തുവച്ച നിലയിലാണ്. കാറിനു സമീപത്തുനിന്ന് ഇവർ കഴിച്ചതെന്നു കരുതുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കാറിനുള്ളിൽ രക്തം ഛർദ്ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റുന്നതിനായി ആംബുലൻസ് ഉൾപ്പെടെ സ്ഥലത്തെത്തിച്ചിട്ടുണ്ട്.
മരിച്ചവര്‍ അച്ഛനും അമ്മയും മകനുമെന്നാണ് സംശയം. വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ജോർജ് പി സ്കറിയ (60) , ഭാര്യ മേഴ്സി (58) മകൻ അഖിൽ (29) എന്നിവരെ കാണാനില്ലെന്ന് കാണിച്ച് വാകത്താനം പൊലീസിൽ 2 ദിവസം മുൻപ് ബന്ധുക്കൾ പരാതി നൽകിയിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇവർ നാടുവിട്ടതാകമെന്നാണ് പൊലീസിൻ്റെ നിഗമനം. ഇവരാണ് കാറിനകത്തുള്ളതെന്നാണ് സംശയം.