ഗുരുഗ്രാം: സംഘർഷസാധ്യത നിലനിൽക്കെ ഹരിയാനയിലെ ഗുരുഗ്രാമിൽ വീണ്ടും ഭീഷണി പോസ്റ്ററുകൾ. വിഎച്ച്പിയുടെയും ബജ്റംഗ്ദളിന്റെയും പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.മുസ്ലിം കുടിയേറ്റ തൊഴിലാളികള്‍ പിരിഞ്ഞുപോവണമെന്നും അല്ലെങ്കില്‍ വീടുകള്‍ക്ക് തീയിടുമെന്നുമാണ് പോസറ്ററുകളിലുള്ളത്.
“രണ്ടു ദിവസത്തിനകം ചേരികള്‍ ഒഴിയണം. അല്ലെങ്കില്‍ ഞങ്ങള്‍ ചേരികള്‍ക്ക് തീയിടും. നിങ്ങളുടെ മരണത്തിന് നിങ്ങള്‍ തന്നെ കാരണമാവും’ എന്നാണ് ഒരു പോസ്റ്ററിലെ വാചകം. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലിസ് അറിയിച്ചു. എന്നാല്‍ പോസ്റ്റര്‍ പതിപ്പിച്ചത് തങ്ങളല്ലെന്നാണ് വിഎച്ച്പി പറയുന്നത്. തങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ആരോ മനപ്പൂര്‍വം ശ്രമിക്കുകയാണെന്ന് വിഎച്ച്പി പ്രവര്ത്തകന് കുല്ഭൂഷണ് ഭരദ്വാജ് പറഞ്ഞു. നേരത്തെയും സമാനരീതിയിലുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുസ്ലിം വ്യാപാരികളെ ബഹിഷ്കരിക്കണമെന്നായിരുന്നു ആഹ്വാനം.
അതേസമയം, വിലക്കുകളെ മറികടന്ന് നൂഹിൽ ശോഭയാത്ര നടത്താൻ തന്നെയാണ് വിഎച്ച്പി തീരുമാനം. എന്നാൽ യാത്ര തടയുമെന്ന് പൊലീസ് അറിയിച്ചു. അയോധ്യയിൽനിന്ന് യാത്രയിൽ പങ്കെടുക്കുന്നതിനായി എത്തിയ സന്യാസിമാരെ അതിർത്തിയിൽ തടഞ്ഞു. ഇതേതുടർന്ന് സന്യാസിമാർ നിരാഹാര സമരം ആരംഭിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലയിൽ ഒരു സ്ഥാപനവും തുറന്നിട്ടില്ല. അതിർത്തിയിൽ പരിശോധന കർശനമാക്കി. തിരിച്ചറിയൽ കാർഡ് ഇല്ലാത്ത ആരെയും കടത്തിവിടുന്നില്ല.
ജനങ്ങളോട് യാത്രയിൽ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ അഭ്യർഥിച്ചിട്ടുണ്ട്. ശോഭായാത്രയ്ക്കു അനുമതി നൽകിയിട്ടില്ലെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രതികരിച്ചത്. അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ വൻസുരക്ഷാസന്നാഹമാണു നൂഹിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടായിരത്തോളം പൊലീസുകാരെയും 24 കമ്പനി അർധസൈനിക വിഭാഗത്തെയും വിന്യസിച്ചു.
ജില്ലയിലേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളും അടച്ചു. പുറത്തുനിന്നാർക്കും ജില്ലയിലേക്കു പ്രവേശനമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും അടച്ചു. പ്രദേശത്തു നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഇന്നു രാത്രിവരെ ഇന്റർനെറ്റ് വിച്ഛേദിച്ചു. കൂട്ടമായി എസ്എംഎസുകൾ അയയ്ക്കുന്നതും വിലക്കി. നാലോ അതിൽക്കൂടുതലോ പേർ കൂട്ടംകൂടുന്നതും വിലക്കി.