കോഴിക്കോട്: തൊട്ടില്‍പാലത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വീട്ടില്‍ കെട്ടിയിട്ട സംഭവത്തിലെ പ്രതി പിടിയില്‍. വടകരയ്ക്ക് സമീപത്തുവച്ചാണ് പ്രതി ജുനൈദ് പിടിയിലായത്.
ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തൊട്ടില്‍പ്പാലം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയുടെ വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പോലീസെത്തി വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നാണ് പെണ്‍കുട്ടിയെ രക്ഷപെടുത്തിയത്.
ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കളും പോലീസ് കണ്ടെത്തിയിരുന്നു. ലഹരിസംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.