കോഴിക്കോട് : സ്വന്തം പ്രവര്‍ത്തകര്‍ക്ക് അടി കിട്ടുമ്പോള്‍ പിണറായി വിജയന്റെ ചായ കുടിക്കാന്‍ പോകുന്നവര്‍ കോണ്‍ഗ്രസുകാരല്ലെന്ന് കെ മുരളീധരന്. അങ്ങനത്തെ ആളുകളെ കോണ്‍ഗ്രസിന് ആവശ്യമില്ല. പിണറായിയുടെ പരിപാടിക്ക് പോകുന്ന എല്ലാവര്‍ക്കെതിരെയും നടപടിയെടുക്കും. എല്ലാ ജില്ലയിലും നടപടിയെടുക്കും. അങ്ങനെ പോകുന്നവര്‍ പോട്ടെ. പിണറായിയുടെ ചായ കുടിച്ചാലേ ഈ നാട്ടില്‍ കോണ്‍ഗ്രസ് ഉണ്ടാകൂ എങ്കില്‍ ഇവിടെ വേണ്ടെന്ന് മുരളീധരന് പറഞ്ഞു.
നവകേരള സദസില്‍ കൊടുത്ത പരാതികളില്‍ ഒരെണ്ണത്തിന് മാത്രമേ നടപടിയുണ്ടാകൂ. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ 63 ലക്ഷം രൂപ വാങ്ങിയെന്ന് പരാതി വന്നു. ഇതില്‍ 63 ലക്ഷം തിരിച്ചു കിട്ടാന്‍ പോകുന്നില്ല. അഹമ്മദ് ദേവര്‍കോവിലിന് മന്ത്രിപ്പണി പോകും. നവകേരള സദസ് കഴിഞ്ഞാല്‍ അദ്ദേഹത്തെ മാറ്റും. അങ്ങനെ ഒരു പരാതിയില്‍ നടപടിയുണ്ടാകും. അല്ലാതെ 63 ലക്ഷം രൂപ കിട്ടാനൊന്നും പോകുന്നില്ലെന്നും കെ മുരളീധരന് പരിഹസിച്ചു.
നവകേരള സദസ് കൂടുതല്‍ സ്ഥിതിഗതികള്‍ വഷളാക്കുകയാണ്. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തുകയാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികളെ വഴിയില്‍ നിര്‍ത്തരുതെന്ന് ഹൈക്കോടതി പറഞ്ഞിട്ട് അതു പാലിക്കുന്നില്ല. സ്കൂള്‍ ബസ് ഉപയോഗിക്കരുതെന്ന് കോടതി പറഞ്ഞിട്ട് സ്കൂള്‍ ബസ് ഉപയോഗിക്കുന്നു. സര്‍വത്ര നിയമലംഘനങ്ങളാണ് നടക്കുന്നതെന്നും കെ മുരളീധരന് പറഞ്ഞു.