ചെന്നൈ: തൂത്തുക്കുടിയിൽ നവദമ്പതികളെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിൽ വധുവിന്റെ പിതാവ് അറസ്റ്റിൽ. ഒളിവിൽ പോയ മറ്റ് പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചുവെന്നും തൂത്തുക്കുടി എസ്പി അറിയിച്ചു. വ്യാഴാഴ്ചയാണ് മാരി സെൽവം(22), ഭാര്യ കാർത്തിക(21) എന്നിവരെ അക്രമി സംഘം വീട്ടിൽ കയറി വെട്ടികൊലപ്പെടുത്തിയത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് വെറും മൂന്നു ദിവസമേ ആയിരുന്നുള്ളൂ.
മാരി സെൽവവും കാർത്തികയും ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിച്ചത്. ഇരുവരും ഒരേ ജാതിയിൽപ്പെട്ടവരായിരുന്നെന്നാണ് വിവരം.എന്നാൽ മാരി സെൽവം സാമ്പത്തികമായി ഏറെ പിന്നിലായിരുന്നു. അതുകൊണ്ട് കാർത്തികയുടെ കുടുംബം വിവാഹത്തെ എതിർത്തിരുന്നു. വിവാഹം നടന്നതിന് പിന്നാലെ പക വർധിച്ച കാർത്തികയുടെ പിതാവ് ഇവരെ വധിക്കാൻ ആളുകളെ അയയ്ക്കുകയായിരുന്നവെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം ഇവരെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദന്പതികൾ തത്ക്ഷണം മരിച്ചു.
കഴിഞ്ഞ മാസം 30ന് ഇരുവരും സംരക്ഷണം ആവശ്യപ്പെട്ട് കോവിൽപ്പെട്ടി പോലീസ് സ്റ്റേഷനിലെത്തിയ ശേഷം രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. കാർത്തികയുടെ അച്ഛൻ അയച്ച സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് ആദ്യമേ അറിയിച്ചിരുന്നു.