തിരുവനന്തപുരം : കോഴ ആരോപണം പാർട്ടി ചർച്ചചെയ്യുമെന്ന് മന്ത്രിയും എൻസിപി നേതാവുമായ എ.കെ ശശീന്ദ്രൻ. ചർച്ചചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്നും ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കോഴ ആരോപണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുന്നണിയിൽ തർക്കങ്ങളില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.
കുറ്റക്കാരെന്ന് കണ്ടാൽ നടപടി എടുക്കും. പാർട്ടി അന്വേഷണം സംബന്ധിച്ച് വ്യക്തിപരമായി താനല്ല പറയേണ്ടത്. പാർട്ടി കൂട്ടായി തീരുമാനിക്കും. പാർട്ടി പ്രസിഡന്റ് പറയുന്നത് അക്ഷരംപ്രതി അനുസരിക്കും. ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മന്ത്രി സ്ഥാനം മാറുന്ന കാര്യത്തിൽ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. പാർട്ടി പ്രസിഡന്റ് പറഞ്ഞാൽ നിശ്ചയിച്ച സമയത്ത് രാജിക്കത്ത് നൽകുമെന്നും ശശീന്ദ്രൻ പറഞ്ഞു.
കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് എൽഡിഎഫിന്റെ രണ്ട് എംഎൽഎമാരെ അജിത് പവാർ പക്ഷത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്നായിരുന്നു മുഖ്യമന്ത്രി ഉന്നയിച്ച ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി രൂപ വീതമാണ് വാഗ്ദാനം ചെയ്തതെന്നും ആരോപണത്തിലുണ്ടായിരുന്നു.
എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് തോമസ് കെ. തോമസ് പ്രതികരിച്ചിരുന്നു. മന്ത്രിയാകും എന്ന് കണ്ടതോടെയാണ് ആരോപണങ്ങൾ ഉയർന്നു വന്നതെന്ന് പറഞ്ഞ അദ്ദേഹം, ആരോപണങ്ങൾക്കു പിന്നിൽ ആൻ്റണി രാജുവാണെന്നും ആരോപിച്ചിരുന്നു. അതേസമയം ആരോപണം കോവൂർ കുഞ്ഞുമോൻ നിഷേധിച്ചു. എന്നാൽ തോമസ് കെ. തോമസ് അപക്വമായ പ്രസ്താവന നടത്തുകയാണെന്നും അതെല്ലാം പരസ്പര വിരുദ്ധമായ കാര്യങ്ങളാണെന്നുമായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം.