കൊച്ചി: കിഫ്ബി മസാല ബോണ്ടിലെ അന്വേഷണത്തിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ സമന്‍സ് ചോദ്യം ചെയ്തുള്ള തോമസ് ഐസക്കിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. വെള്ളിയാഴ്ചവരെ തത്സ്ഥിതി തുടരണം. അതുവരെ കടുത്ത നടപടി പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
ഈ മാസം രണ്ടിന് ഹാജരാകണമെന്ന് കാണിച്ചു നല്കിയ സമന്‍സാണ് കിഫ്ബിയും തോമസ് ഐസക്കും ചോദ്യം ചെയ്തത്. ആവശ്യപ്പെട്ട രേഖകളുടെ പകര്‍പ്പ് കൈമാറിയെന്നാണ് കിഫ്ബിയുടെ വിശദീകരണം..മന്ത്രിയായിരുന്നത് മൂന്നുവര്‍ഷം മുന്‍പാണെന്നും കിഫ്ബിയുടെ തീരുമാനങ്ങളെ കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നുമാണ് തോമസ് ഐസക്കിന്റെ വാദം. ഫെമ നിയമലംഘനത്തില്‍ അന്വേഷണം നടത്താന്‍ ഇഡിക്ക് അധികാരമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ കിഫ്ബി നല്കിയ രേഖകളില്‍ നിന്ന് ചില കാര്യങ്ങളില്‍ വ്യക്തത വന്നിട്ടുണ്ടെന്നും തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമാണ് ഇഡി നിലപാട്.