തൊടുപുഴ : ഇടുക്കി തൊടുപുഴ ചുങ്കംമുളയില്‍ ബിജു ജോസഫിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബിജുവിനെ ലക്ഷ്യമിട്ട് പ്രതികള്‍ 15 ന് തൊടുപുഴയിലെത്തി. മൂന്നു ദിവസത്തെ ആസൂത്രണത്തിന് ശേഷമാണ് ബിജുവിനെ തട്ടിക്കൊണ്ടുപോകുന്നത്. ബിജുവിന്റെ ഓരോ നീക്കങ്ങളും പ്രതികള്‍ നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ 19 ന് ബിജുവിനെ തട്ടിക്കൊണ്ടുപോകാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ ആ നീക്കം പൊളിഞ്ഞു. അന്ന് പ്രതികളുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് ബിജു നേരത്തെ വീട്ടിലേക്ക് മടങ്ങി. ഇതേത്തുടര്‍ന്ന് പ്രതികള്‍ അന്നുമുഴുവന്‍ വീട്ടില്‍ തങ്ങി. പിറ്റേന്ന് പുലര്‍ച്ചെ നാലു മണിക്ക് അലാറം വെച്ച് പ്രതികള്‍ ഉണര്‍ന്നു. തുടര്‍ന്ന് സ്കൂട്ടറില്‍ പോയ ബിജുവിനെ പ്രതികള്‍ ഓമ്നി വാനില്‍ പിന്തുടര്ന്നു.
കനാലിന് സമീപം തുടര്‍ന്ന് വാഹനം കുറുകെയിട്ട് ബലമായി ബിജുവിനെ വാഹനത്തിലേക്ക് തള്ളിക്കയറ്റുകയായിരുന്നു. ബിജുവിന്റെ സ്കൂട്ടര്‍ ജോമിനാണ് ഓടിച്ചുകൊണ്ടുപോയത്. പെട്രോള്‍ തീര്‍ന്നപ്പോള്‍ പെട്രോള്‍ പമ്പിലെത്തി ഇന്ധനം നിറയ്ക്കുകയും ചെയ്തിരുന്നു. ബിജുവിനെ തട്ടികൊണ്ടു പോകാന്‍ ഉപയോഗിച്ച ഒംനി വാന്‍ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ കടത്തിക്കൊണ്ടു പോയ ബിജുവിന്റെ ഇരുചക്ര വാഹനം കണ്ടെത്താന്‍ പൊലീസ് പരിശോധന ആരംഭിച്ചു.
പണം ഇടപാടിനെച്ചൊല്ലി കേസിലെ പ്രതിയായ ജോമിനും ബിജുവിനോട് വിരോധമുണ്ടായിരുന്നു. ജോമിന് ഒരു ലക്ഷം രൂപയോളമാണ് ബിജു നല്‍കാനുള്ളത്. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അതിനിടെ ബിജുവും മുന്‍ ബിസിനസ് പങ്കാളിയും കേസിലെ ഒന്നാം പ്രതിയുമായ ജോമോനും തമ്മിലുള്ള കരാര്‍ വ്യവസ്ഥകള്‍ പുറത്തു വന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27 നാണ് ഉപ്പുതറ പൊലീസിന്റെ മധ്യസ്ഥതയില്‍ കരാറിലേര്‍പ്പെട്ടത്. വ്യവസ്ഥകള്‍ പ്രകാരം ജോമോന് ടെമ്പോ ട്രാവലര്‍, ആംബുലന്‍സ്, മൊബൈല്‍ ഫ്രീസര്‍ എന്നിവ കൈമാറണമെന്ന് നിര്‍ദേശിച്ചിരുന്നു. മൂന്നു മാസത്തിനുള്ളില്‍ കരാര്‍ പാലിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതു പാലിക്കാത്തതിനെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയെന്നാണ് ജോമോന് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.
ഇന്നലെയാണ് ബിജു ജോസഫിന്റെ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം പൊലീസ് കണ്ടെടുത്തത്. തൊടുപുഴ കലയന്താനിക്ക് സമീപം ചെത്തിമറ്റത്തുള്ള ഗോഡൗണിലെ മാലിന്യക്കുഴിയിലേയ്ക്കുള്ള മാൻഹോളിൽ തള്ളി കോൺക്രീറ്റ് ചെയ്ത നിലയിലായിരുന്നു മൃതദേഹം. ബിജുവിന്റെ ഈവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ പങ്കാളിയായിരുന്ന ദേവമാതാ കേറ്ററിംഗ് സ്ഥാപന ഉടമ കലയന്താനി തേക്കുംകാട്ടിൽ ജോമോൻ ജോസഫാണ് (51) കേസിലെ മുഖ്യ പ്രതി. എറണാകുളം ഇടമനക്കാട് പള്ളത്ത് മുഹമ്മദ് അസ്ലം (36), കണ്ണൂർ ചെറുപുഴ കളരിക്കൽ ജോമിൻ കുര്യൻ (25), കാപ്പാ കേസ് പ്രതിയായ ആഷിക് ജോൺസൻ (27) എന്നിവരാണ് കൂട്ടുപ്രതികൾ.