കൊല്ലം: തൊടിയൂരില്‍ വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്കിടയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ മർദ്ദിച്ച് കൊന്ന കേസിൽ രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേലിനെ മർദിച്ച് കൊന്ന കേസിൽ സഹോദരങ്ങളുമായ ഫൈസലും മുസ്സമ്മലുമാണ് അറസ്റ്റിലായത്.
ശാസ്താംകോട്ട സ്വദേശികളാണിവർ. ഇരുവരേയും പാലക്കാട് മണ്ണാര്‍ക്കാട് ഒളിവിൽ കഴിഞ്ഞ സ്ഥലത്ത് നിന്നും പിടികൂടുകയായിരുന്നുവെന്നും കേസിൽ ഇതുവരെ പിടികൂടിയവരെല്ലാം ബന്ധുക്കളാണെന്നും പോലീസ് വ്യക്തമാക്കി. ആകെ നാലു പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. തേവലക്കര സ്വദേശി മുഹമ്മദ് ഷായെയും യൂസുഫിനെയും കഴിഞ്ഞ ദിവസമാണ് റിമാൻഡ് ചെയ്തത്.
കുടുംബ തര്‍ക്കം പരിഹരിക്കുന്നതിനായി പാലോലികുളങ്ങര ജമാഅത്ത് ഓഫീസില്‍ വച്ച് മധ്യസ്ഥ ചര്‍ച്ചയ്ക്കിടെയാണ് ജമാഅത്ത് സെക്രട്ടറിയും ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞയാളുമായ സലീമിനെ ഒരു സംഘം ആളുകൾ മർദിച്ചത്. മഹല്ല് സെക്രട്ടറി ഷെമീറിനെ ആളുകൾ മർദിക്കുന്നത് കണ്ട് തടയാനെത്തിയതാണ് സലീം. ഇവർ സലീമിന്റെ നെഞ്ചിൽ ഇടിക്കുകയും ചവിട്ടി വീഴ്ത്തുകയുമായിരുന്നു.
കരുനാഗപ്പള്ളി പോലീസില്‍ സലീമിന്റെ ബന്ധുക്കൾ പരാതി നൽകിയതിന് പിന്നാലെ കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. ആകെ പതിനഞ്ച് പേർക്കെതിരെയാണ് കേസെടുത്തതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.