കൊല്‍ക്കത്ത : പൗരത്വ (ഭേദഗതി) നിയമം നടപ്പാക്കുമെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഇത് ഈ നാടിന്റെ നിയമമാണ്. അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും ആര്‍ക്കും തടയാനാവില്ലെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഈ വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ചില സമയങ്ങളില്‍, സിഎഎ രാജ്യത്ത് നടപ്പാക്കുമോ ഇല്ലയോ എന്ന് ജനങ്ങളെയും അഭയാര്‍ത്ഥികളെയും തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു. സിഎഎ രാജ്യത്തെ നിയമമാണെന്നും അത് നടപ്പിലാക്കുന്നത് ആര്‍ക്കും തടയാനാവില്ലെന്നും ഇത് വ്യക്തമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിയമം നടപ്പാക്കുകയെന്നത് പാര്‍ട്ടിയുടെ പ്രതിബദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ ബിജെപിയുടെ സോഷ്യല്‍ മീഡിയ, ഐടി വിഭാഗം അംഗങ്ങളുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സിഎഎ നടപ്പിലാക്കുകയെന്നത് പാര്‍ട്ടിയുടെ പ്രതിബദ്ധത കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അതിനായിട്ടാണ് പ്രവര്‍ത്തനമെന്നും അമിത് ഷാ പറഞ്ഞു. ഇതുകൂടാതെ രാജ്യത്തേക്ക് കടന്നുകയറുന്ന ആളുകള്‍ക്ക് സിഎഎ വഴി പൗരത്വം നല്‍കുന്നതും അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2019ല്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. വിവാദമായ സിഎഎ നടപ്പാക്കുമെന്ന വാഗ്ദാനമായിരുന്നു കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് പ്ലാന്‍.
2014 ഡിസംബര്‍ 31-നോ അതിനുമുമ്പോ ഇന്ത്യയില്‍ പ്രവേശിച്ച പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്കാണ് നിയമം വഴി പൗരത്വം നല്‍കുന്നത്. ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ തുടങ്ങിയ മത ന്യൂനപക്ഷങ്ങള്‍ക്ക് സിഎഎ ഗുണം ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.