തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ഇല്ലായ്മകളും പ്രതിസന്ധികളും മറന്ന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണം. വറുതിയുടെ കർക്കിടകത്തിനു ശേഷം സമൃദ്ധിയുടെ പൊന്നോണമെത്തുമ്പോൾ നാടും നഗരവും ആഘോഷത്തിമിർപ്പിലാണ്. ലോകത്തെല്ലായിടത്തുമുള്ള മലയാളികൾക്ക് ഓണം പോയ കാലത്തിന്റെ നല്ല ഓർമയാണ്. പൂക്കളവും ഓണപ്പുടവയും സദ്യവട്ടവുമായി മാവേലിയെ വരവേൽക്കാൻ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ.
മലയാളികൾക്ക് കൂട്ടായ്മയുടെ ഉത്സവം കൂടിയാണ് ഓണം. ജാതി മത ഭേദമന്യേ ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ, ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കുന്നു. പൂക്കളവും പുലികളിയും ഓണസദ്യയുമൊക്കെയായി കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പമാണ് മലയാളികളുടെ ഓണാഘോഷം. മഹാബലി തന്റെ പ്രജകളെ കാണുവാന്‍ വര്‍ഷത്തിലൊരിക്കൽ എത്തുന്ന ദിവസമാണ് ഓണം എന്നാണ് ഐതീഹ്യം. തിരുവോണ ദിനമായ ഇന്ന് തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേകം ചടങ്ങുകളും നടക്കും. മഹാബലിയെ എതിരേല്‍ക്കുന്നതാണ് ഇതില്‍ പ്രധാന ചടങ്ങ്.തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ഓണാഘോഷത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. മുൻവർഷങ്ങളെക്കാൾ വിപുലമായാണ് ഇത്തവണ അലങ്കാരങ്ങൾ. കെ.ടി.ഡി.സിയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തെ പാതയോരങ്ങളും പ്രധാന കെട്ടിടങ്ങളും അലങ്കരിച്ചത്. നിയമസഭയും രാജ്ഭവനും സെക്രട്ടറിയേറ്റുമെല്ലാം അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. മനം കവരുന്ന ഈ നക്ഷത്രശോഭ ഇനി ഒരാഴ്ചക്കാലം നീണ്ടുനിൽക്കും.