തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയില്‍ അവതരിപ്പിക്കുന്നു. ആക്ഷൻ ഹീറോ ആയി എൻഡിഎ സ്ഥാനാർഥിയെ അവതരിപ്പിച്ചുവെന്നും മന്ത്രിമാർക്കും എംഎൽഎമാർക്കും കിട്ടാത്ത സൗകര്യം പൂരപ്പറമ്പില്‍ സുരേഷ് ഗോപിക്ക് ഒരുക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊലീസ് സഹായിക്കാതെ എൻഡിഎ സ്ഥാനാർഥിക്ക് ആംബുലൻസിൽ എത്താൻ കഴിയുമോ? വീഴ്ചകളില്ലാതെ നടപ്പിലാക്കാൻ സർക്കാർ നേരത്തെ നടപടികൾ എടുക്കേണ്ടതായിരുന്നു. ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയില്ല. സാധാരണഗതിയിൽ വാഹനങ്ങൾ തടയാറുണ്ട്. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് വന്നത് വൈകി. സാധാരണ ജനക്കൂട്ടത്തെ രണ്ടായി തിരിക്കും. ജനക്കൂട്ടത്തെ ശത്രുതയോടെ കണ്ടു. ഒരു അനുഭവ പരിചയവുമില്ലാത്തയാളെ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആക്കി വെച്ചു. സർക്കാർ ലാഘവ ബുദ്ധിയോടെ ഇടപെട്ടുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ബോധപൂർവ്വം പൂരം കലക്കാൻ ശ്രമിച്ചു. സാഹചര്യം പിടിച്ചു നിർത്താൻ കഴിയാത്ത രൂപത്തിലേക്ക് പോയി. വെടിക്കെട്ടിന് അനുമതി നൽകിയത് പുലർച്ചെ അഞ്ച് മണിക്ക്. സുരേഷ് ഗോപിക്ക് എഡിജിപി എം.ആർ അജിത് കുമാർ വഴിവെട്ടി കൊടുത്തു. എല്ലാം ചെയ്തത് അങ്കിത് അശോക് ആണെന്ന് പറഞ്ഞാൽ വിശ്വസിക്കില്ല. അയാൾ ഇതെല്ലാം സ്വയം ചെയ്തുയെന്ന് കേരള സമൂഹം വിശ്വസിക്കുമോ? ജൂനിയറെ പൂരം നടത്തിപ്പ് ആര് ഏൽപ്പിച്ചു. ഒരിക്കലും ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല.
രണ്ട് മന്ത്രിമാർക്കും പൂരം കലങ്ങിയപ്പോൾ പരിസരത്തുപോലും വരാൻ കഴിഞ്ഞില്ല. തേര് എഴുന്നള്ളിച്ച് വരുന്നതു പോലെയാണ് എൻഡിഎ സ്ഥാനാർഥി വന്നത്. പൂരം രക്ഷകനാണ് സുരേഷ് ഗോപി എന്ന് വരുത്തിതീർത്തു. സുരേഷ് ഗോപിയെ കൂട്ടിക്കൊണ്ട് വന്നത് പൂരം കലക്കാൻ. പൂരം കലങ്ങിയതിൽ വിഷമം ഉള്ള ആളുകളാണ് ഞങ്ങൾ. ഞങ്ങളുടെ ആളുകൾ പൂരം സ്നേഹികളാണ്.ഞങ്ങളുടെ വോട്ടർമാർ പൂരം സ്നേഹികളാണ് ദൈവവിശ്വാസികളുമാണ്. സുനിൽകുമാറിന് കൊടുക്കാത്ത പ്രാധാന്യം എൻഡിഎ സ്ഥാനാർഥിക്ക് നൽകി. ലക്ഷ്യം നേടിയല്ലോ എന്ന ചിന്ത നിങ്ങൾക്ക് ഉണ്ടാകും. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് വരുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അഞ്ചുമാസം കഴിഞ്ഞു റിപ്പോർട്ടിന് ജുഡീഷ്യൽ അന്വേഷണം നടക്കണം. പൂരം കലക്കിയതിൽ ജനങ്ങളുടെ മുമ്പിൽ പ്രതിക്കൂട്ടിൽ നിൽക്കുകയാണ് സർക്കാരെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.