കേരള സർക്കാരിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെഎഎല്ലിൽ നിന്നും 30 ഇലക്ട്രിക് ഓട്ടോകൾ വിതരണത്തിനായി മധ്യപ്രദേശിലേക്ക്. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയായ ആരെൻഖാണ് ഓട്ടോകൾ മധ്യപ്രദേശിൽ വിതരണം ചെയ്യുന്നത്.
മാസങ്ങൾക്ക് മുമ്പാണ് മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി 100 ഓട്ടോകളുടെ ഓർഡർ ആരെൻഖ് കെഎഎല്ലിന് നൽകിയത്. അതിൽ മധ്യപ്രദേശിലേക്കുള്ള ആദ്യ വാഹനങ്ങളുടെ ലോഡാണ് ഇപ്പോൾ മധ്യപ്രദേശിലേക്ക് പുറപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലുടനീളം കെ എ എൽ നിർമിക്കുന്ന വാഹനങ്ങളുടെ വിതരണവും ഓട്ടോകൾ നിർമിക്കാൻ ആവശ്യമായ ബാറ്ററികൾ, മോട്ടോർ, മോട്ടോർ കൺട്രോളറുകൾ എന്നിവ ആരെൻഖ് ആണ് കെഎഎല്ലിന് നൽകുന്നത്. വാഹനങ്ങൾക്ക് സർവീസ് നൽകുന്നതും ആരെൻഖ് തന്നെയാണ് .
പഞ്ചാബ്, ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലും അനുമതി ലഭിച്ചാൽ ഉടൻ തന്നെ ഇലക്ട്രിക് ഓട്ടോകളുടെ വിതരണം ആരംഭിക്കും. ആരെൻഖ് പോലുള്ള കമ്പനിയുമായുള്ള സഹകരണം ദേശീയ- അന്തർദേശീയ തലത്തിലേക്ക് കെഎഎല്ലിനെ വീണ്ടും എത്തിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.