മലപ്പുറം: മലപ്പുറം തിരൂര്‍ കാട്ടിലപള്ളിയില്‍ സ്വാലിഹ് കൊലപാതകക്കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കാട്ടിലപള്ളി സ്വദേശി മുഹമ്മദ് ആഷിഖ് ആണ് പിടിയിലായത്. ആഷിഖും അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് സ്വാലിഹിനെ മര്‍ദ്ദിച്ചിരുന്നതായി പൊലീസ് സൂചിപ്പിച്ചു. പുറത്തൂര്‍ സ്വദേശി സ്വാലിഹ് ആണ് കൊല്ലപ്പെട്ടത്.
ഒരു വീടിന്റെ പിറകിലാണ് സ്വാലിഹിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍വൈരാഗ്യത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒളിവിലുള്ള മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി തിരൂര്‍ പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട സ്വാലിഹും പ്രതിയും തമ്മില്‍ നേരത്തേ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. സ്വാലിഹും സുഹൃത്തുക്കളും ചേര്‍ന്ന് പ്രദേശത്ത് ലഹരിവില്‍പ്പന നടത്തിയിരുന്നു. ഇത് ആഷിഖ് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം.
പിന്നീട് പ്രാവുവളര്‍ത്തലുമായി ബന്ധപ്പെട്ടും ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. സ്വാലിഹ് കൊല്ലപ്പെടുന്നതിന്റെ തലേദിവസവും ഇവര്‍ തമ്മില്‍ പ്രശ്നമുണ്ടായി. ആഷിഖിനെ സ്വാലിഹും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന് പ്രതികാരം ചെയ്യാന്‍ ആഷിഖും സഹോദരന്മാരും പിതാവും ചേര്‍ന്ന് സ്വാലിഹിനെ തിരഞ്ഞ് ഇറങ്ങി. സ്വാലിഹും സുഹൃത്തുക്കളും കാറില്‍ പോകുന്നതിനിടെ ഇവര്‍ തടഞ്ഞ് നിര്‍ത്തി കമ്പിവടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇവിടെനിന്ന് ഓടിരക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ശരീരത്ത് മുറിവേറ്റ സ്വാലിഹ് രക്തം വാര്‍ന്ന് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.