


തൃശൂർ : തൃശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞു വീണ് അപകടത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളും മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. 12 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. 9 പേർ രക്ഷപെടുത്തിയിരുന്നു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം. കൊടകര ടൗണിനടുത്ത് ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരുന്ന ഇരുനില കെട്ടിടമാണ് തകർന്നു വീണത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. പഴയ വീടിന്റെ മുന്‍ഭാഗമാണ് തകര്‍ന്നുവീണത്. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി ആദ്യം രണ്ടു പേരെയാണ് പുറത്തെടുത്തത്. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ രൂപേലിനെയും രാഹുലിനെയും ഉടന്‍ തന്നെ തൊട്ടടുത്തുള്ള ശാന്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. തിരച്ചില്‍ തുടരുന്നതിനിടെയാണ് അലിയെയും കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലിയുടെ ജീവനും രക്ഷിക്കാന്‍ സാധിച്ചില്ല. മൂന്ന് പേരുടെയും മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും