കൊച്ചി : തേവര- കുണ്ടന്നൂര്‍ പാലത്തിന്റെ ടാറിങ് പൂര്‍ത്തിയായി. പാലം തിങ്കളാഴ്ച മുതല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും. ആകെ 1720 മീറ്റര്‍ നീളമുള്ള പാലത്തിലെ ടാറിങ് കഴിഞ്ഞദിവസമാണ് പൂര്‍ത്തിയായത്. ഒരു മാസം അടച്ചിട്ട് അറ്റുകുറ്റപ്പണി നടത്താനായിരുന്നു തീരുമാനം. എന്നാല്‍ നിശ്ചയിച്ച സമയത്തിന് മുന്‍പ് തന്നെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനും പാലം തുറന്നുനല്‍കാനും സാധിച്ചു.
പൊട്ടിപ്പൊളിയുകയോ ഇളകിപ്പോകുകയോ ചെയ്യാത്ത സ്റ്റോണ്‍ മാട്രിക്സ് അസ്ഫാള്‍ട്ട് (എസ്എംഎഫ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ടാറിങ് ആണ് നടന്നത്. പാലത്തിന്റെ കോണ്‍ക്രീറ്റ് പ്രതലത്തില്‍ പ്രത്യേക അളവില്‍ നിര്‍മിച്ച മിശ്രിതം ചേര്‍ത്ത് ടാര്‍ ചെയ്യുന്ന രീതിയാണ് എസ്എംഎഫ് നിര്‍മാണവിദ്യ. അലക്സാണ്ടര്‍ പറമ്പിത്തറ പാലത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി തുറന്നുകൊടുത്തിരുന്നു. ഇരുപാലങ്ങളുടെയും നവീകരണത്തിന് 12.85 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്.