കോഴിക്കോട് : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഡാമുകളില്‍ 30 ശതമാനം പോലും വെള്ളമില്ല. ഡാമുകളില്‍ ജലനിരപ്പ് കുറവായതിനാല്‍ മഴ പെയ്തില്ലെങ്കില്‍ പ്രതിസന്ധി കൂടും. നാളത്തെ വൈദ്യുതി ബോര്‍ഡ് യോഗം സ്ഥിതി വിലയിരുത്തും.
നിലവിലെ പ്രതികൂല സാഹചര്യങ്ങള്‍ റെഗുലേറ്ററി കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഡാമുകളില്‍ വെള്ളമില്ലാത്തതിനാല്‍ വൈദ്യുതി പുറത്തു നിന്നും പണം കൊടുത്ത് വാങ്ങേണ്ടി വരുന്ന അവസ്ഥയാണെന്ന് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇലക്ട്രിസിറ്റി ബോര്‍ഡോ സര്‍ക്കാരോ അല്ല ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. അത് റെഗുലേറ്ററി കമ്മീഷനാണ്. പര്‍ച്ചേസ് കൂടി നോക്കിയിട്ടേ, അതിന് എത്ര റേറ്റ് വരുന്നൂ തുടങ്ങിയവ നോക്കിയിട്ടേ ചാര്‍ജ് വര്‍ധനയില്‍ തീരുമാനമെടുക്കൂ. ദിവസം 10 കോടി രൂപയുടെ വൈദ്യുതി അധികം വാങ്ങേണ്ട സ്ഥിതിയാണ്. കഴിഞ്ഞ തവണ അധികം വെള്ളമുണ്ടായിരുന്നതുകൊണ്ട് ആയിരം കോടി രൂപയ്ക്ക് വിറ്റു. അതാണ് ലാഭത്തില്‍ പോയത്. എന്നാല്‍ ഇത്തവണ അതുണ്ടാകില്ല. 400 മെഗാവാട്ടിന്റെ കുറവാണുള്ളത്. അതിനായി ടെണ്ടര്‍ വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി വാങ്ങാൻ ദിവസം 10 കോടി
ജലവൈദ്യുതി ഉൽപാദനം കുറഞ്ഞതിനൊപ്പം,450 മെഗാവാട്ടിന്റെ ദീർഘകാല കരാർ റദ്ദാക്കേണ്ടി വന്നതോടെയുള്ള വൈദ്യുതി കമ്മി പരിഹരിക്കാൻ വേറെ ഇടക്കാല കരാർ ഉണ്ടാക്കാനാകാതെ വന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നതിനായി ദിവസം 10കോടിയിലേറെ രൂപയാണ് ഇപ്പോൾ ചെലവ്. പ്രതിദിന വൈദ്യുതി ഉപഭോഗം 63 ദശലക്ഷം യൂണിറ്റാണിപ്പോൾ. ഓണം അടുക്കുന്നതോടെ ഉപഭോഗം കൂടും. അതോടെ കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരും.
നാല് ദീർഘകാല കരാറുകൾ റദ്ദാക്കിയത് മൂലമാണ് 450 മെഗാവാട്ടിന്റെ ലഭ്യത ഇല്ലാതായത്. പകരം വൈദ്യുതി കരാറുകളുണ്ടാക്കാൻ കഴിഞ്ഞ മാസം റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകി.അതിന് ടെൻഡർ വിളിക്കുകയും ചെയ്തു. സെപ്തംബർ 4നാണ് ടെൻഡർ തുറക്കുന്നത്. പിന്നീട് വർക്ക് ഓർഡർ കൊടുത്ത് വൈദ്യുതി എത്താൻ മൂന്ന് മാസമെങ്കിലുമെടുക്കും.അതു വരെ വൻ തുകയ്ക്ക് പുറമെ നിന്ന് വൈദ്യുതി വാങ്ങേണ്ടിവരും.
നിലവിൽ ഉദ്പാദനം 12 ദശ ലക്ഷം യൂണിറ്റ്
നിലവിൽ 12 ദശലക്ഷം യൂണിറ്റാണ് ജലവൈദ്യുതി ഉൽപാദനം.15 മുതൽ 20 മെഗാവാട്ട് വരെ ഉൽപാദിക്കാനായാലേ പിടിച്ചു നിൽക്കാനാവൂ.
□സംസ്ഥാനത്ത് കാലവർഷം ഇതുവരെ 43% കുറവ്. അണക്കെട്ടുകൾ ഏറെയുള്ള ഇടുക്കിയിൽ മഴ 59% കുറവ്
□ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ 32 % വെള്ളം
□കക്കി,ഇടുക്കി,പമ്പ,ഷോളയാർ,ഇടലമയാർ,കണ്ടാല,മാട്ടുപ്പെട്ടി തുടങ്ങി വൻകിട അണക്കെട്ടുകളിലെല്ലാം കൂടി 36 % വെള്ളം
□കെ.എസ്.ഇ.ബിയുടെ 22 അണക്കെട്ടുകളിലെ മൊത്തം സംഭരണ ശേഷിയുടെ 37% വെള്ളം
□. ഇതുപയോഗിച്ച് ഉൽപാദിക്കാവുന്ന വൈദ്യുതി 1543 ദശലക്ഷം യൂണിറ്റ്.
□കഴിഞ്ഞ വർഷം ഇതേ സമയത്ത് 344 5 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുണ്ടാക്കാനുള്ള വെള്ളം.
□കുറവ് 1902 ദശലക്ഷം യൂണിറ്റ്.