ലക്നോ : നിലവില്‍ പാക്കിസ്ഥാന്റെ ഭാഗമായ ‘സിന്ധ് പ്രവിശ്യ’യെ ഇന്ത്യയോടു കൂട്ടിച്ചേര്‍ക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ശ്രീരാമജന്മഭൂമി 500 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടെടുക്കാമെങ്കില് എന്തുകൊണ്ട് ‘സിന്ധ്’ പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചെടുത്തു കൂടായെന്നും യോഗി ചോദിച്ചു.
സിന്ധി കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച,രണ്ടു ദിവസം നീണ്ടു നില്ക്കുന്ന ദേശീയ സിന്ധി കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് യോഗി ഇക്കാര്യം പറഞ്ഞത്.
‘500 വര്‍ഷങ്ങള്‍ക്കു ശേഷം രാമന്റെ മഹത്തായ ക്ഷേത്രം അയോധ്യയില്‍ നിര്‍മിച്ചിരിക്കുന്നു. ജനുവരിയില്‍ പ്രധാനമന്ത്രി രാമനെ വീണ്ടും തന്റെ ക്ഷേത്രത്തില്‍ കുടിയിരുത്തും. 500 വര്‍ഷങ്ങള്‍ക്കിപ്പുറം രാമജന്മഭൂമി വീണ്ടെടുക്കാമെങ്കില് എന്തുകൊണ്ട് ‘സിന്ധ്’ വീണ്ടെടുത്തു കൂടാ” യോഗി ചോദിച്ചു.
ഇന്ത്യാ വിഭജനത്തിനു ശേഷം തങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകളെപ്പറ്റി സിന്ധികള്ക്ക് തങ്ങളുടെ ഇപ്പോഴത്തെ തലമുറയെ അറിയിക്കേണ്ടതുണ്ടെന്നും യോഗി പറഞ്ഞു. ഒരു മനുഷ്യന്റെ പിടിവാശിയാണ് ഇന്ത്യയുടെ വിഭജനത്തിലേക്ക് നയിച്ചതെന്നും യോഗി വ്യക്തമാക്കി.
വിഭജനം നടക്കുന്ന സമയത്ത് ലക്ഷക്കണക്കിന് ആളുകളാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്. ഇന്ത്യയുടെ വലിയൊരു ഭാഗം പാക്കിസ്ഥാനായി മാറി. സിന്ധി വിഭാഗത്തില്‍പ്പെട്ട ഭൂരിഭാഗം പേരും മാതൃരാജ്യം ഉപേക്ഷിക്കുക എന്നു ദുര്സ്ഥിതിയിലാണെത്തിയത്. വിഭജനത്തിന്റെ ദുരന്തം ഇന്ന് നാം പേറുന്നത് ഭീകരവാദത്തിന്റെ രൂപത്തിലാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു.