ഹൈദരാബാദ്: തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവച്ചു. പുതുച്ചേരി ലഫ്.ഗവര്‍ണറുടെ ചുമതലയും തമിഴിസൈ വഹിക്കുന്നുണ്ട്. തമിഴ്നാട് മുന്‍ ബി.ജെ.പി അധ്യക്ഷ കൂടിയായിരുന്ന തമിഴിസൈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെത്തി രാജി സമര്‍പ്പിച്ചു.ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ മൂന്നാം സ്ഥാനാർഥി പട്ടികയിൽ സൗന്ദരരാജൻ്റെ പേര് ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു.സെന്‍ട്രല്‍ ചെന്നൈയില്‍ നിന്നോ പുതുച്ചേരിയില്‍ നിന്നോ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നാണ് വിവരം. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ താല്പര്യമുണ്ടെന്ന് തമിഴിസൈ പല അവസരങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്.