ആഗോളതലത്തിൽ മുന്നൂറുകോടിയിലേറെ ജനങ്ങൾ നാഡീസംബന്ധമായ തകരാറുകളാൽ വലയുന്നുവെന്ന് ലോകാരോഗ്യസംഘടന. ലാൻസെറ്റ് ന്യൂറോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2021-ലെ കണക്കുകൾ പ്രകാരം മൂന്നിലൊരാൾ എന്ന നിലയ്ക്ക് നാഡീരോഗങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് പഠനത്തിലുള്ളത്. ചികിത്സ ലഭ്യമാകുന്നതിനുള്ള അന്തരം പ്രധാന പ്രശ്നമായി നിലകൊള്ളുന്നുവെന്നും പഠനത്തിലുണ്ട്. നാഡീസംബന്ധമായ തകരാറുകളാൽ മരിക്കുന്നവരിൽ എൺപതുശതമാനത്തിലേറെയും കുറഞ്ഞ വരുമാനം ഉള്ളതോ, ഇടത്തരം വരുമാനം ഉള്ളതോ ആയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. മതിയായ ചികിത്സയും ഗുണനിലവാരവും രോഗികളുടെ പുനരധിവാസവുമൊക്കെ ഉറപ്പാക്കാൻ അടിയന്തര ഇടപെടലുകൾ കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ഡോ. ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറഞ്ഞു.
നാഡീസംബന്ധമായ തകരാറുകൾ വ്യക്തികളേയും കുടുംബങ്ങളേയും സാമ്പത്തികമായും ഇല്ലായ്മ ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 1990 മുതലുള്ള കണക്കെടുത്താൽ നാഡീസംബന്ധമായ തകരാറുകൾ മൂലമുള്ള രോഗങ്ങൾ, അകാലമരണം തുടങ്ങിയവ പതിനെട്ടു ശതമാനമായി വർധിച്ചിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നുണ്ട്. പക്ഷാഘാതം, നിയോനേറ്റൽ എൻസെഫലോപ്പതി, മൈഗ്രെയിൻ, ഡിമെൻഷ്യ, ഡയബറ്റിക് ന്യൂറോപ്പതി, മെനിഞ്ചൈറ്റിസ്, എപിലെപ്സി, ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, നെർവസ് സിസ്റ്റം കാൻസേഴ്സ് എന്നിവയാണ് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമായിട്ട് പറയുന്നത്.
നാഡീസംബന്ധമായ പ്രശ്നങ്ങൾ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നതെന്നും പഠനത്തിൽ പറയുന്നുണ്ട്. അതേസമയം മൈഗ്രെയിൻ, ഡിമെൻഷ്യ തുടങ്ങിയവ കൂടുതലുള്ളത് സ്ത്രീകളിലുമാണ്. പ്രമേഹം മൂലം നാഡികൾ തകരാറിലാകുന്ന ഡയബറ്റിക് ന്യൂറോപ്പതി ബാധിക്കുന്നവരുടെ എണ്ണവും കുത്തനെ വർധിച്ചിട്ടുണ്ട്.
കോവിഡിനു പിന്നാലെ നാഡീതകരാറുകൾ സംഭവിച്ചവരുടേയും ഗില്ലൻ ബാരെ സിൻഡ്രോം ഉണ്ടായവരുടേയും എണ്ണവും 23 ദശലക്ഷമായിട്ടുണ്ട്. രോഗപ്രതിരോധം, രോഗീപരിചരണം, ഈ വിഷയത്തിലുള്ള ഗവേഷണം തുടങ്ങിയവയാണ് പ്രതിവിധിയെന്നും പഠനത്തിൽ പറയുന്നുണ്ട്. ഉയർന്ന രക്തസമ്മർദം, വായുമലിനീകരണം, പുകവലി എന്നിവ നിയന്ത്രിക്കുന്നത് നാഡീസംബന്ധമായ തകരാറുകളുടെ സാധ്യത കുറയ്ക്കുന്ന ഘടകങ്ങളാണെന്നും അതിനായി കൂട്ടായി ശ്രമിക്കണമെന്നും ലോകാരോഗ്യസംഘടന പറയുന്നുണ്ട്.
more than three billion people suffering from neurological conditions says who study