ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിനിടെ തകര്‍ന്ന തുരങ്കത്തില്‍ കുടുങ്ങിയ ആളുകളുടെ ആരോഗ്യ നിലയില്‍ ആശങ്ക. അവരുടെ ശബ്ദം ദുര്‍ബലമാകുന്നുവെന്നും ആരോഗ്യം ക്ഷയിച്ചതായി തോന്നുന്നുവെന്നും കുടുങ്ങിക്കിടക്കുന്നവരുടെ ബന്ധുക്കള്‍ പറയുന്നു. ഏഴ് ദിവസമായി തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 പേരുമായി ഇന്ന് വൈകിട്ട് 4 മണിക്കാണ് ബന്ധുക്കള്‍ സംസാരിച്ചത്. എന്നാല്‍ തുരങ്കത്തിനകത്തെ ഡ്രില്ലിങ് ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ടണലിനകത്ത് വിള്ളല്‍ രൂപപ്പെട്ടതോടെയാണ് ഡ്രില്ലിങ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
മണിക്കൂറുകള്‍ കഴിയുന്തോറും തങ്ങള്‍ക്ക് നിരാശയും ദുഃഖവും വര്‍ധിക്കുന്നുവെന്ന് കുടുങ്ങിയ തൊഴിലാളികളുടെ ബന്ധുക്കള്‍ പറയുന്നു. തുരങ്കത്തിന് മുകളില്‍ നിന്ന് താഴേക്ക് കുഴിച്ച് എത്താനാണ് ശ്രമിക്കുന്നതെന്ന് ഉത്തരകാശി ഡിഎഫ്ഒ ഡിപി ബാലുനി പറഞ്ഞു. തുരങ്കത്തിന് സമാന്തരമായി കുഴിക്കാനുള്ള ശ്രമവും തുടങ്ങി. ഡ്രില്ലിങ്ങിനിടെ വന്‍ ശബ്ദമുണ്ടായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.
41 തൊഴിലാളികളുമായി ചാര്‍ധാം റൂട്ടില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് തകര്‍ന്നത്. നാലര കിലോമീറ്റര്‍ വരുന്ന ടണലിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നത്. സില്‍ക്യാരയെ ദണ്ഡല്‍ഗാവുമായി ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട തുരങ്കം. തുരങ്കത്തിന്റെ ഒരുഭാഗം തകര്‍ന്നതിനെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെ മുതല്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. തൊഴിലാളികളെ രക്ഷിക്കാന്‍ തായ്ലന്ഡ്, നോര്‍വെ എന്നിവിടങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരും രക്ഷാദൗത്യത്തില്‍ സജീവമാണ്.