ന്യൂഡല്‍ഹി : തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കുമെന്ന് സുപ്രീംകോടതി. കേന്ദ്രനിയമവും സംസ്ഥാന ചട്ടങ്ങളും പരിശോധിച്ചശേഷം സമഗ്രമായ മാര്‍ഗ്ഗരേഖ പുറത്തിറക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, സുധാന്‍ഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട് കേരളവും വിവിധ തദ്ദേശ സ്ഥാപനങ്ങളും സംഘടനകളും നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ തങ്ങള്‍ പുറത്തിറക്കിയ മാര്‍ഗ്ഗരേഖ നടപ്പിലാക്കിയാല്‍ മതിയെന്നാണ് മൃഗക്ഷേമ ബോര്‍ഡ് കോടതിയെ അറിയിച്ചു.
തെരുവ് നായകളുടെ ശല്യം എത്രത്തോളം ആകാം എന്ന ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സുധാന്‍ഷു ധുലിയ ചൂണ്ടിക്കാട്ടി. രാത്രി മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കുന്ന നായ്ക്കളെ കൊല്ലാനും അനുമതി ഉണ്ടോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ശല്യം എന്നത് ആപേക്ഷികം ആണെന്ന് കേരള സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് വി ഗിരി മറുപടിയായി പറഞ്ഞു. ഒരാള്‍ക്ക് ശല്യമാണെന്ന് തോന്നുന്നത് മറ്റൊരാള്‍ക്ക് അങ്ങനെ ആവണമെന്നില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
തെരുവ് നായ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ഫെബ്രുവരി 28 ലേക്ക് മാറ്റി. അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ കെ.എം. നടരാജ്, സീനിയര്‍ അഭിഭാഷകരായ വി.ഗിരി, പി.വി. സുരേന്ദ്ര നാഥ്, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി, അഭിഭാഷകരായ പി.എസ്. സുധീര്‍, എം.ആര്. രമേശ് ബാബു, വി.കെ. ബിജു, കെ.ആര്. സുഭാഷ് ചന്ദ്രന്, ബിജു പി രാമന് തുടങ്ങിയവര്‍ ഹാജരായി.