മുംബൈ : പൂനെ ലോക്സഭാ മണ്ഡലത്തില്‍ ഉടന്‍ ഉപതെരഞ്ഞെടുപ്പു നടത്തണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. നിലവിലെ ലോക്സഭയുടെ കാലാവധി ഈ ജൂണില്‍ അവസാനിക്കുകയാണെന്ന, തെരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണം പരിഗണിച്ചാണ്, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ബിജെപി എംപി ഗിരീഷ് ബാപതിന്റെ മരണത്തെത്തുടര്‍ന്ന്, 2023 മാര്‍ച്ച് 29 മുതല്‍ ഒഴിഞ്ഞുകിടക്കുകയാണ് പൂനെ ലോക്സഭാ സീറ്റ്. പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ ഒരുവര്‍ഷം മാത്രമെ ബാക്കിയുള്ളുവെങ്കില്‍ റെപ്രസന്റേഷന്‍ ആക്ട് അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പു കമ്മിഷന് സുപ്രീം കോടതിയെ അറിയിച്ചു.
ഒഴിവുവന്ന തീയതി മുതല്‍ ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉപതെരഞ്ഞെടുപ്പ് നടത്തണമെന്ന ബോംബൈ ഹൈക്കോടതിയുടെ ഉത്തരവ്.