തിരുവനന്തപുരം : സൈക്ലോണ്‍ മുന്നറിയിപ്പില്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതോടെ ധാരാളം ആളുകളാണ് യാത്ര മുടങ്ങിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായത്. പലരും പല സ്ഥലങ്ങളിലും കുടുങ്ങിപ്പോയി. കൊല്‍ക്കത്തയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും തുണയായത് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദബോസ്.
ട്രെയിന്‍ മുടങ്ങിയതോടെ ശ്രീശങ്കര സര്‍വകലാശാലയുടെ കാലടി, തിരൂര്‍ കേന്ദ്രങ്ങളിലെ 58 സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ത്ഥികളും ആറ് അധ്യാപകരുമടങ്ങുന്ന സംഘമാണ് ട്രെയിന്‍ റദ്ദാക്കിയതോടെ കൊല്‍ക്കത്തയില്‍ കുടുങ്ങിയത്. കേരള രാജ്ഭവനില്‍ ബന്ധപ്പെട്ടതോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് ബംഗാള്‍ ഗവര്‍ണര്‍ ഡോ സി വി ആനന്ദബോസിനെ വിളിച്ചു. ഉടന്‍ തന്നെ ആനന്ദബോസ് ഇടപെടല്‍ നടത്തി. ട്രെയിനില്‍ പ്രത്യേക ബോഗി സജ്ജീകരിക്കാന്‍ ഉടന്‍ തന്നെ നിര്‍ദേശം നല്കി.
തിങ്കളാഴ്ച സംഘത്തെ കൂടിക്കാഴ്ചക്കായി കൊല്‍ക്കത്ത രാജ്ഭവനിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മേഘാലയ, അസം, ബംഗാള്‍ സംസ്ഥാനങ്ങളിലായിരുന്നു രണ്ടു ബാച്ചുകളിലായി അനസ് എം കെ, രേഷ്മ ഭരദ്വാജ് എന്നീ അധ്യാപകരുടെ നേതൃത്വത്തില്‍ സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ത്ഥികളുടെ പഠനയാത്ര.