കൊച്ചി : കൊച്ചി വില്ലിംഗ്ടൺ ഐലൻഡിന് സമീപം ഇന്നലെ ഓട്ടോറിക്ഷയിൽ നിന്ന് കുഴൽപ്പണം കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പണം കൊടുത്ത് വിട്ടത് കൊച്ചി മാർക്കറ്റ് റോഡിലെ ടെക്സ്റ്റൈൽസ് ഉടമ രാജാമുഹമ്മദ് എന്നയാളാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ ഇരിക്കുകയാണ് പൊലീസ്. ആർക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നത് എന്ന കാര്യത്തിലും വ്യക്തത വരുത്തും. കേസിൽ പിടിയിലായ ഓട്ടോ ഡ്രൈവർ തമിഴ്നാട് സ്വദേശി രാജഗോപാലിന് പങ്കില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇടക്കൊച്ചി കണങ്ങാട്ട് പാലത്തിന് സമീപം നടന്ന റെയ്ഡിൽ ഓട്ടോറിക്ഷയിൽ നിന്ന് 2.70 കോടി രൂപയാണ് പിടികൂടിയത്. മൂന്ന് സഞ്ചികളിലായി 500 ന്റെ 97 നോട്ടുകെട്ടുകളാണ് ഉണ്ടായിരുന്നത്. ഓപ്പറേഷൻ ഡീഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് കൊച്ചി ഹാർബർ പൊലീസ് കുഴൽപ്പണം കണ്ടെത്തിയത്. പണം കൈമാറാനായി കാത്തുനിൽക്കുന്നതിനിടെയാണ് ഇവർ പൊലീസ് പിടിയിലായത്. പൊലീസിനെ കണ്ട് ഓട്ടോ ഡ്രൈവറും കൂടെ ഉണ്ടായിരുന്ന ആളും പരുങ്ങിയതോടെ വാഹനം പരിശോധിക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവർ തമിഴ്നാട് സ്വദേശി രാജഗോപാൽ ബീഹാർ സ്വദേശി സഭിൻ അഹമ്മദ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇരുവരുംതമ്മിൽ പരസ്പരം ബന്ധമില്ലെന്നാണ് പറയുന്നത്. പണം നഗരത്തിലെ വ്യാപാരി കൊടുത്തുവിട്ടതാണെന്നും ഭൂമി വാങ്ങാൻ കൊണ്ട് വന്നതാണെന്നുമായിരുന്നു ഇവർ മൊഴി നൽകിയത്.