ന്യൂഡല്‍ഹി : ബിഹാറിൽ നടത്തിയ ജാതി സെൻസസിന്റെ ഫലം പുറത്തുവിട്ട് സംസ്ഥാന സർക്കാർ. ഇതുപ്രകാരം സംസ്ഥാന ജനസംഖ്യയുടെ 36 ശതമാനവും അതി പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്.
27.12 ശതമാനം പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരും 19.7 ശതമാനം പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരും 1.68 ശതമാനം പട്ടികവര്‍ഗക്കാരുമാണെന്ന് സെന്‍സസ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. സംവരണേതര വിഭാഗത്തില്‍ പെടുന്ന മുന്നോക്ക വിഭാഗം 15.52 ശതമാനമാണ്.
13 കോടിയിലധികമാണ് ബിഹാറിലെ ആകെ ജനസംഖ്യ. അതിപിന്നാക്ക-പിന്നാക്ക വിഭാഗങ്ങള്‍ ഒബിസി വിഭാഗത്തില്‍ ഉൾപ്പെടുന്നവരാണ്.
ഇതു പരിഗണിച്ചാൽ സംസ്ഥാന ജനസംഖ്യയുടെ 63.12 ശതമാനവും ഒബിസി വിഭാഗമാണ്. ഇതില്‍ തന്നെ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉള്‍പ്പെടുന്ന യാദവര്‍ 14.27 ശതമാനമാണ്.
ഭൂമിഹാര്‍ 2.86 ശതമാനം, ബ്രാഹ്മണര്‍ 3.66 ശതമാനം, മുശാഹര്‍ 3 ശതമാനം. യാദവര്‍ 14 ശതമാനം എന്നിങ്ങനെയാണ് സെന്‍സെസ് പ്രകാരമുള്ള കണക്ക്. മുസ്ലിം 17.70 ശതമാനം, ക്രിസ്ത്യാനികള്‍-.0576, സിഖ് 0.0113, ബുദ്ധമതവിശ്വാസികൾ 0.0851 ശതമാനം, ജൈനമത വിശ്വാസികൾ 0.0096 ശതമാനം എന്നിങ്ങനെയാണ് ബാക്കി സമുദായക്കാരുടെ കണക്ക്. ഹിന്ദുസമൂഹം ആകെ 81.9986 ശതമാനമാണ്.
ഒബിസി സംവരണം 27 ശതമാനമായി ഉയര്‍ത്തുന്നതുള്‍പ്പെടെ ജാതിസെന്‍സസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി.
സെന്‍സസ് എല്ലാവര്ക്കും ഗുണകരമാകുമെന്നും ദരിദ്രരുള്പ്പെടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനുതകുന്നതാകുമെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപിയുള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടേയും പിന്തുണയോടെയാണ് സെന്‍സസ് തീരുമാനിച്ചതെന്നായിരുന്നു നീതീഷ് കുമാർ മുന്‍പു പറഞ്ഞത്.
എന്നാൽ സെൻസസ് ഫലം പുറത്തു വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തി. പ്രതിപക്ഷം ജാതി രാഷ്ട്രീയം കളിക്കുന്നുവെന്നും രാജ്യത്തെ വിഭജിക്കാനാണ് ശ്രമമെന്നും മോദി വിമർശിച്ചു.