കോഴിക്കോട് : നിപ വൈറസ് ബാധ സ്ഥിരീകരിച്ച് സംസ്ഥാന സർക്കാർ. പുനെ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നിന്നുള്ള സാംപിൾ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് രംഗത്തെത്തിയത്.
നാല് പേരാണ് നിലവിൽ കേരളത്തിൽ നിപ വൈറസ് ബാധിച്ച് ചികിത്സയിലുള്ളതെന്ന് മന്ത്രി അറിയിച്ചു. പുനെയിലേക്ക് അയച്ച അഞ്ച് സാംപിളുകളുടെയും ഫലം പോസീറ്റീവ് ആണ്. തിങ്കളാഴ്ച മരിച്ച 40 വയസുള്ള വ്യക്തിയുടെ സാംപിളും പോസിറ്റീവ് ആണെന്ന് വൈറോളജി ഇൻസ്റ്റിട്യൂട്ട് അറിയിച്ചു.
ഇതിനാൽ, ഓഗസ്റ്റ് 30-ന് മരിച്ച വ്യക്തിയും നിപ പോസിറ്റീവ് ആയിരുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം. ലിവർ സിറോസിസ് ബാധിച്ചുള്ള മരണം എന്ന നിഗമനം നിലനിന്നിരുന്നതിനാൽ ഈ വ്യക്തിയുടെ സാംപിൾ ശേഖരിച്ചിരുന്നില്ല.
ഈ രോഗിയുടെ ഒമ്പത് വയസുകാരനായ ബന്ധു വെന്റിലേറ്റർ സഹായത്തിൽ തുടരുകയാണ്. ഈ കുട്ടിക്കായുള്ള പ്രത്യേക മരുന്ന് പുനെ ലാബിൽ നിന്ന് വിമാനത്തിൽ ബുധനാഴ്ച കോഴിക്കോട്ട് എത്തിക്കും.
ഇൻഡക്സ് കേസ് എന്ന് സംശയിക്കപ്പെടുന്ന, ഓഗസ്റ്റ് 30-ന് മരിച്ച വ്യക്തി, തിങ്കളാഴ്ച മരണപ്പെട്ട 40-കാരനുമായി നഗരത്തിലെ ആശുപത്രിയിൽ വച്ചാണ് സമ്പർക്കത്തിൽ ഏർപ്പെട്ടത്. ഇവർ ഒരു മിനിറ്റോളം സമയം ആശുപത്രി മുറിയിൽ ഒന്നിച്ച് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇവരുടെ റൂട്ട് മാപ്പ് അടക്കമുള്ളവ ഉടൻ പ്രസിദ്ധീകരിക്കും.
ഇൻഡക്സ് കേസ് ആയ വ്യക്തിക്ക് കൃഷിയിടങ്ങൾ ഉണ്ടായിരുന്നുവെന്നും ഇവിടെ പരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.