ഇടുക്കി: കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്നാടന് ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിവച്ച് റവന്യു വിഭാഗം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി.
മാത്യുവിന്റെ ഭൂമിയില്‍ സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഒരേക്കര്‍ 21 സെന്റ് സ്ഥലം വാങ്ങിയെന്നാണ് മൂന്ന് ആധാരങ്ങളിലായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇതിനെക്കാള്‍ 51 സെന്റ് അധികമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.കഴിഞ്ഞ ദിവസം എംഎല്‍എയുടെ മൊഴി എടുത്ത ശേഷമാണ് 50 സെന്റ് സ്ഥലം മാത്യു കൈയേറിയിട്ടുണ്ടെന്ന് വിജിലന്‍സ് വ്യക്തമാക്കിയത്. ഇത് സ്ഥിരീകരിക്കുന്നതിന് വിജിലന്‍സ് തന്നെയാണ് റവന്യു വകുപ്പിനെ സമീപിച്ചത്. റവന്യു വകുപ്പ് സര്‍വേ നടത്തിയതിന് ശേഷമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.