തിരുവനന്തപുരം : നവകേരള സദസിൽ ക്രിമിനലുകളുടെ സംഗമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. “രക്ഷാപ്രവർത്തനം” ഇപ്പോൾ സ്വന്തം പാർട്ടിക്കാർക്കെതിരെയും നടക്കുകയാണ്. പാലൂട്ടി വളർത്തുന്ന ക്രിമിനലുകൾ തിരിഞ്ഞുകൊത്താൻ തുടങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു.
സ്വന്തം പാർട്ടിക്കാരെപ്പോലും തിരിച്ചറിയാൻ കഴിയാത്ത മനസ്ഥിതിയായി. സദസിനെ നിയന്ത്രിക്കുന്നത് ഒരു കൂട്ടം ക്രിമിനലുകളെന്നും സതീശൻ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച നവകേരള സദസിനിടെ സിപിഎം പ്രവർത്തകനു ക്രൂരമർദ്ദനമേറ്റു. തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയംഗം റെയ്സിനാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച കൊച്ചി മറൈൻ ഡ്രൈവിൽനടന്ന നവകേരള സദസിനിടെയാണ് സിപിഎം പ്രവർത്തകർ റെയ്സിനെ മർദ്ദിച്ചത്.
നവകേരള സദസിനിടെ ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രതിഷേധിച്ചിരുന്നു. ഇവർ പോലീസിനെതിരെയും മാധ്യമ സ്വതന്ത്ര്യത്തെ അനുകൂലിച്ചും ലഘുലേഖകൾ വിതരണം ചെയ്തിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനിടെ സിപിഎം പ്രവർത്തകർ ഇവരെയും മർദ്ദിച്ചിരുന്നു.
ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ അംഗങ്ങൾക്കു സമീപമാണ് താൻ ഇരുന്നത്. ഇതിനിടെ ഫോണ് വന്നതിനാൽ താൻ പുറത്തേയ്ക്ക് ഇറങ്ങിയെന്നും അപ്പോൾ മറ്റു സിപിഎം പ്രവർത്തകർ തന്നെ തടഞ്ഞ് ഫോണ് പരിശോധിച്ചശേഷം വിട്ടയച്ചു. പിന്നീട് വേദിക്കു പുറത്ത് എത്തിയപ്പോൾ അൻപതോളം പേർ ചേർന്ന് തന്നെ മർദ്ദിക്കുകയായിരുന്നുവെന്നും റെയ്സ് പറഞ്ഞു.
പാർട്ടി അംഗമാണെന്നും പാർട്ടി പ്രവർത്തകനാണെന്നും പറഞ്ഞിട്ടും മർദ്ദനം തുടർന്നുവെന്നും റെയ്സ് പറഞ്ഞു. തന്നെ ക്രൂരമായി മർദ്ദിച്ച പാർട്ടിയിൽ ഈ തുടരുന്നില്ലെന്നും റെയ്സ് വ്യക്തമാക്കി.