ആലപ്പുഴ: ഉദ്ഘാടന യാത്രയിൽ ചങ്ങാടം മറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നാട്ടുകാരും വെള്ളത്തിൽ വീണു. ആലപ്പുഴ കരുവാറ്റ പഞ്ചായത്തിലെ ചെമ്പുതോട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നാട്ടുകാരുമാണ് വെള്ളത്തിൽ വീണത്. നാല് വീപ്പകൾ ചേർത്ത് വച്ച് അതിനു മുകളിൽ പ്ലാറ്റ്ഫോം കെട്ടിയാണ് ചങ്ങാടം നിർമിച്ചത്.
തോടിന്റെ ഒരു കര പഞ്ചായത്ത് പ്രസിഡന്റിന്റെയും മറുകര പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റേതുമാണ്. ആദ്യം പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത ചങ്ങാടം, മറുകരയിലെത്തി. തുടർന്ന് ഇവിടെ വച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചങ്ങാടം ഉദ്ഘാടനം ചെയ്ത് തിരിച്ചു വരുമ്പോൾ കുറച്ച് നാട്ടുകാരും ചങ്ങാടത്തിൽ കയറി. എന്നാൽ അനുവദനീയമായതിലും കൂടുതൽ ആളുകൾ ചങ്ങാടത്തിൽ കയറിയതോടെ ബാലൻസ് തെറ്റി ചങ്ങാടം മറിഞ്ഞു. വെള്ളത്തിൽ വീണവർക്ക് നീന്തൽ അറിയാവുന്നത് കൊണ്ട് കൂടുതൽ അപകടങ്ങൾ സംഭവിച്ചില്ല.