ന്യൂഡല്‍ഹി : ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിച്ച് ഡല്‍ഹിയില്‍ ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചതില്‍ ന്യായീകരണവുമായി കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. സിബിസിഐ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിന് പ്രധാനമന്ത്രി വന്നത് അംഗീകാരമാണ്. ക്രിസ്മസ് വിരുന്നിന് വിളിച്ചത് ബിജെപി പ്രതിനിധിയെ അല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയെയാണെന്ന് സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
ക്രൈസ്തവവിഭാഗങ്ങള്‍ ആക്രമിക്കപ്പെടുന്നതിലെ വേദന പ്രധാനമന്ത്രിയെ അറിയിച്ചു. ഭരണഘടന അനുസരിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളിച്ചാവണം രാജ്യത്തിന്റെ വളര്‍ച്ചയെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. പോസിറ്റീവായ മറുപടിയാണ് പ്രധാനമന്ത്രി നല്‍കിയത്. പുല്‍ക്കൂട് ആക്രമണത്തെ ആരും തന്നെ അംഗീകരിക്കുന്നില്ല. മതസൗഹാര്‍ദ്ദത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് സഭ ആഗ്രഹിക്കുന്നത്. എല്ലാ മതങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ആന്‍ഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടി.