കൊച്ചി : വയനാടിനെ വിറപ്പിച്ച് വനംവകുപ്പിന്റെ കൂട്ടിലായ പിഎം 2 എന്ന കാട്ടാനയെ തുറന്ന് വിടണമെന്ന് വിദഗ്ധ സമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിഎം2 വിനെ വെടിവെച്ച് പിടികൂടാന്‍ വനംവകുപ്പ് അനാവശ്യ ധൃതി കാണിച്ചെന്നാണ് സമിതിയുടെ കണ്ടെത്തല്‍. നിലവില്‍ മുത്തങ്ങ ക്യാമ്പിലുള്ള മോഴയാനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച് കൃത്യമായ ആസൂത്രണത്തോടെ തുറന്ന് വിടണമെന്നാണ് റിപ്പോര്‍ട്ട്.
സുല്‍ത്താന്‍ ബത്തേരിയില്‍ വഴിയാത്രക്കാരനെ ആക്രമിച്ചതിനെത്തുടര്‍ന്നാണ് പിഎം2 വിനെ വനംവകുപ്പ് മയക്ക് വെടിവെച്ച് പിടികൂടി കൂട്ടിലടച്ചത്. സ്വാഭാവിക പരിസരത്ത് നിന്ന് പിടികൂടിയത് ധൃതിയിലാണെന്നും ആന ആളുകളെ ആക്രമിച്ചതിന് തെളിവില്ലെന്നും വ്യക്തമാക്കി പിപ്പീള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ആനയെ തുറന്ന് വിടാന്‍ തീരുമാനമായത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും റിപ്പോര്‍്ട്ടിലുണ്ട്.
റേഡിയോ കോളര്‍ ഘടിപ്പിച്ച കാലഘട്ടത്തില്‍ ആന മനുഷ്യരെ ആക്രമിച്ചതിന് തെളിവില്ല. 13 വയസ് മാത്രമുള്ള ആനയെ ജനവാസമേഖലയൊഴിവാക്കി കാട്ടിലേക്ക് തുറന്ന് വിട്ടാല്‍ വനവുമായി പൊരുത്തപ്പെടും. ആനയെ വെടിവെച്ച് പിടികൂടുന്നതിന് വയനാട്ടിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനാവശ്യധൃതി കാട്ടിയെന്നും സമിതി പറയുന്നു.
നിലവാരമുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച് ആനയെ തുറന്ന് വിടണമെന്നാണ് വിദഗ്ധ സമിതി നിര്‍ദ്ദേശിക്കുന്നത്. ഏതെങ്കിലും പകര്‍ച്ചവ്യാധിയുണ്ടോ എന്നതടക്കം പരിശോധിച്ച് ഉറപ്പാക്കണമെന്നും സമിതി നിര്‍ദേശമുണ്ട്.