തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് തന്റെ അറിവോടെയല്ലെന്ന് ഐജി ലക്ഷ്മണ്. ആയുർവേദ ചികിത്സയിലായിരുന്നെന്നും ഹൈക്കോടതിയില്‍ തന്റെ പേരില്‍ ഹര്‍ജി നല്കിയ വിവരം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും ഐജി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു.
അഭിഭാഷകര്‍ തയാറാക്കി നല്കിയ ഹര്ജിയാണിതെന്നാണ് വിശദീകരണം. ഹര്‍ജി പിന്‍വലിക്കാന്‍ അഭിഭാഷകനായ നോബിള്‍ മാത്യുവിന് നിര്‍ദേശം നല്‍കിയതായും കത്തിലുണ്ട്. ലക്ഷ്മണിനെതിരേ ആഭ്യന്തരവകുപ്പ് നടപടി സ്വീകരിക്കാനിരിക്കെയാണ് ഐജി ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഐജി ലക്ഷ്മണ് മുഖമന്ത്രിയുടെ ഓഫീസിനെതിരേ ഗുരുതര ആരോപണം ഉന്നയിച്ചത്. സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കുകയും ഒത്തുതീര്‍പ്പിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന ഒരു അധികാരകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്നെന്നാണ് ആരോപണം.
ഹൈക്കോടതി ആര്‍ബിട്രേറ്റര്‍മാര്‍ക്ക് അയച്ച തര്‍ക്കങ്ങള്‍ പോലും ഇവിടെ തീര്‍പ്പാക്കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് ഈ അധികാരകേന്ദ്രം നിര്‍ദേശം നല്‍കുന്നതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.