തിരുവനന്തപുരം : ഡിമെന്‍ഷ്യ/അല്‍ഷിമേഴ്സ് ബാധിതരായ വയോജനങ്ങള്‍ക്കായി സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ രൂപീകരിച്ച ‘ഓര്‍മ്മത്തോണി’ പദ്ധതിയ്ക്ക് ഫെബ്രുവരി 15 ന് തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് വഴുതക്കാട് വിമന്‍സ് കോളജില്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു നിര്‍വഹിക്കും. ‘ഓര്‍മ്മത്തോണി’യുടെ ലോഗോ ഫെബ്രുവരി 14നു രാവിലെ 11.30ന് നിയമസഭയിലെ മന്ത്രിയുടെ ചേമ്പറില്‍ വച്ച് മന്ത്രി പ്രകാശനം ചെയ്യും. .
കേരള സാമൂഹ്യസുരക്ഷാ മിഷന് മറ്റു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ‘ഡിമെന്‍ഷ്യ സൗഹൃദ കേരളം’ – ‘ഓര്‍മ്മത്തോണി’. സംസ്ഥാനതല ഉദ്ഘാടനത്തിനു മുന്നോടിയായി വയോമിത്രം ഡോക്ടര്‍മാര്‍, വയോമിത്രം ജീവനക്കാര്‍, നഗര തദ്ദേശസ്ഥാപനങ്ങളിലെ ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് ഡിമെന്‍ഷ്യ സംബന്ധമായ പരിശീലനം നല്‍കിയിരുന്നു. ആരോഗ്യവകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യസര്‍വ്വകലാശാല, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംസ്ഥാനതല റിസോഴ്സ് ഗ്രൂപ്പാണ് പരിശീലനങ്ങള്‍ നല്‍കിയത്. സംസ്ഥാനതല ഉദ്ഘാടനത്തിനു ശേഷം ആശാപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ആരംഭിക്കും.