തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനം ലഭക്കാത്ത വിദ്യാർഥികളുടെ വിവരങ്ങൾ താലൂക്ക് അടിസ്ഥാനത്തിൽ ശേഖരിച്ച് അവർക്ക് തുടർപഠനത്തിനുള്ള സൗകര്യങ്ങൾ സജ്ജീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യഘട്ടത്തിനു ശേഷമായിരിക്കും പ്രവേശനം ലഭക്കാത്ത വിദ്യാർഥികളുടെ വിവരങ്ങൾ താലൂക്ക് അടിസ്ഥാനത്തിൽ ശേഖരിക്കുക. എല്ലാ വിദ്യാർഥികളുടെയും ഉപരിപഠനം സാധ്യമാക്കാൻ വേണ്ട കാര്യങ്ങൾ സർക്കാർ നിർവഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ചരിത്രത്തിൽ ആദ്യമായി പ്ലസ് വൺ അധ്യയനം വളരെ നേരത്തേ തുടങ്ങി. ഇത്തവണ 50 ദിവസങ്ങൾ മുൻപ് ക്ലാസ് ആരംഭിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. സ്കൂൾ കാമ്പസിലെ മരങ്ങൾ അപകടമുണ്ടാക്കുന്ന നിലയിലാണെങ്കിൽ പെട്ടെന്ന് വെട്ടിമാറ്റണം എന്ന് മന്ത്രി നിർദേശിച്ചു. സാങ്കേതിക ന്യായങ്ങൾ പറഞ്ഞു മരങ്ങൾ മുറിച്ചു മാറ്റാതിരിക്കരുത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാവും. കാസർകോട് മരം തലയിൽ വീണ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.