തിരുവനന്തപുരം : സംസ്ഥാനത്തെ തീവ്ര മഴയ്ക്ക് നാളെയോടെ താത്കാലിക ശമനമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്തെങ്കിലും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴയുടെ ശക്തി കുറഞ്ഞതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
ഇടുക്കി ജില്ലയിലെ പീരുമേട്ടിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ മഴ പെയ്തത്, 19 സെന്റിമീറ്റര്‍. തൃശൂര്‍ ജില്ലയിലെ പടിഞ്ഞാറത്തറയില്‍ 17 സെന്റിമീറ്ററും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ 16 സെന്റിമീറ്ററും മഴ പെയ്തതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. അടുത്ത 24 മണിക്കൂര്‍കൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ 20 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. അടുത്ത 24 മണിക്കൂറില്‍ കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി.