കൊച്ചി : വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുമായി എത്തിയ മാദ്ധ്യമപ്രവർത്തകർക്ക് ഓണാശംസകൾ നേർന്ന് മന്ത്രി മുഹമ്മദ് റിയാസ്. പുറത്തേയ്ക്ക് ഇറങ്ങിയ മന്ത്രിയോട് ഭാര്യ വീണ ഉൾപ്പെട്ട വിവാദങ്ങളെക്കുറിച്ചാണ് മാദ്ധ്യമപ്രവർത്തകർ ചോദിച്ചത്. എന്നാൽ റിയാസ് ‘എല്ലാവർക്കും ഓണാശംസകൾ, ഓണാശംസകൾ’ എന്ന് പറഞ്ഞ് പ്രതികരണത്തിന് നിൽക്കാതെ വാഹനത്തിലേയ്ക്ക് കയറുകയായിരുന്നു.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി എൽ ഡി എഫ് സർക്കാരിന് തുടർ ഭരണം ലഭിച്ചതിൽ ഉറക്കം നഷ്ടപ്പെട്ടവർ വിവാദങ്ങളുണ്ടാക്കാൻ പിന്നാലെ നടന്നിട്ട് കാര്യമില്ലെന്ന് മുഹമ്മദ് റിയാസ് മുൻപ് പ്രതികരിച്ചിരുന്നു. ഇത്തരക്കാർ ഉറക്കം ലഭിക്കാനുള്ള മരുന്ന് കഴിക്കുകയോ, നന്നായി വ്യായാമം ചെയ്യുകയോ ആണ് നല്ലതെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
അപ്രതീക്ഷിതമായി ചാടി വീണാണ് മാദ്ധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത്. നിങ്ങൾ ചുറ്റും നിന്ന് ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ വ്യക്തിയെന്ന നിലയിൽ മുന്നോട്ട് നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണിപ്പോൾ. മുന്നോട്ട് നടന്നാൽ മാദ്ധ്യമ പ്രവർത്തകരെ മന്ത്രി കൈകാര്യം ചെയ്തെന്ന നിലയിൽ വാർത്ത വരാൻ സാദ്ധ്യതയുണ്ട്. മിണ്ടാതിരുന്നാൽ ഉത്തരം മുട്ടിയെന്നാവും. ചിരിച്ചാൽ പരിഹസിച്ചു, തിരിഞ്ഞു നടന്നാൽ ഒളിച്ചോടി എന്നൊക്കെയാവും മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞിരുന്നു.