തിരുവനന്തപുരം: ഏറെക്കാലത്തിന് ശേഷം കേരളത്തിൽ റബർവില കിലോയ്ക്ക് 170 രൂപക്ക് മുകളിൽ. റബർ ബോർഡിന്റെ കണക്കുപ്രകാരം ആർ.എസ്.എസ്-4 ഇനത്തിന് കോട്ടയത്തെയും കൊച്ചിയിലെയും വില കിലോയ്ക്ക് 171 രൂപയായി. ആർ.എസ്.എസ്-5ന് വില 167 രൂപയാണ്. രാജ്യാന്തര തലത്തിൽ ഉത്പാദനം കുറയുകയും ആവശ്യക്കാർ കൂടുകയും ചെയ്തതാണ് വിലക്കയറ്റത്തിന് കാരണം. ക്രൂഡോയിൽ വിലക്കയറ്റവും റബർവില വർധനക്ക് കാരണമാണ്. വേനൽച്ചൂട് മൂലം ടാപ്പിംഗും ഉത്പാദനവും കുറഞ്ഞത് വിപണിയിൽ റബർ ലഭ്യതയെ ബാധിക്കുന്നുണ്ട്. ടയർ കമ്പനികളിൽ നിന്ന് ആവശ്യം വർധിക്കുന്നതും വില വർധനക്ക് കാരണമാണ്.
അതേസമയം വിപണിയിലെ വില വർധനവ് സംസ്ഥാന സർക്കാറിന് നേട്ടമാവുകയാണ്. വിപണിവിലയും താങ്ങുവിലയും ഇപ്പോൾ ഒന്നായതിനാൽ സബ്സിഡി നൽകേണ്ട ബാധ്യത ഒഴിവായി എന്നത് സർക്കാരിന് വലിയ ആശ്വാസമാണ്.
റബർവില ഇടിവ് മൂലം പ്രതിസന്ധി നേരിടുന്ന കർഷകരെ സഹായിക്കാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് റബർ വിലസ്ഥിരതാ ഫണ്ട്. താങ്ങുവിലയും വിപണിവിലയും തമ്മിലെ അന്തരം സബ്സിഡിയായി സർക്കാർ കർഷകന് നൽകുന്നതായിരുന്നു പദ്ധതി. കിലോയ്ക്ക് 150 രൂപ താങ്ങുവിലയാണ് പദ്ധതി പ്രകാരം സർക്കാർ പ്രഖ്യാപിച്ചത്. അക്കാലത്ത് വില 100-130 രൂപ നിലവാരത്തിലായിരുന്നു.
എൽഡിഎഫ് സർക്കാർ പിന്നീട് താങ്ങുവില 170 രൂപയാക്കി. ഇക്കഴിഞ്ഞ ബജറ്റിൽ ഇത് 10 രൂപ കൂട്ടി 180 രൂപയാക്കിയെങ്കിലും പ്രാബല്യത്തിൽ വന്നിട്ടില്ല. ഒരു കിലോ റബറിന് കുറഞ്ഞത് 200 രൂപയെങ്കിലും ഉത്പാദനച്ചെലവുണ്ടെന്നും താങ്ങുവില 250 രൂപയെങ്കിലുമാക്കണമെന്നും സംസ്ഥാന സർക്കാരിനോട് കർഷക സംഘടനകളക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും 10 രൂപ കൂട്ടി 180 രൂപയാക്കുകയാണ് ചെയ്തത്.