കൊച്ചി : കോതമംഗലത്ത് പ്രതിഷേധത്തിനിടെ പൊലീസ് വാഹനം ആക്രമിച്ച കേസിൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ അറസ്റ്റ് കോടതി തടഞ്ഞു. മാർച്ച് 16 വരെയാണ് അറസ്റ്റ് തടഞ്ഞു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
നേരത്തെ കോതമംഗലം കോടതിയിൽ നിന്നും മറ്റൊരു കേസിൽ ജാമ്യമെടുത്ത ഷിയാസിനെ കോടതിക്ക് മുന്നിൽ നിന്നും അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചിരുന്നു. മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനൊപ്പം കോതമംഗലം കോടതി ജാമ്യം അനുവദിച്ചതിനു തൊട്ടുപിന്നാലെയാണ് സംഭവം. നേര്യമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിച്ചശേഷം എറണാകുളത്തേക്ക് പോകാന്‍ വാഹനത്തില്‍ കയറവേയായിരുന്നു ഷിയാസിനെ വീണ്ടും അറസ്റ്റുചെയ്യാന്‍ പൊലീസ് ശ്രമിച്ചത്.
പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വീണ്ടും അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. ഇത് കോൺഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ മുഹമ്മദ് ഷിയാസ് കോടതിയിലേക്ക് ഓടിക്കയറി. വിഷയം മജിസ്ട്രേറ്റിനെ ശ്രദ്ധയിൽ എത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടു. നാലുമണിവരെ കോടതിയില്‍ തുടരാനാണ് ഇവരുടെ തീരുമാനം. എന്നാൽ, ഇതിനുശേഷം പുറത്തിറങ്ങിയാലും അറസ്റ്റുചെയ്യാന്‍ തന്നെയാണ് പൊലീസ് നീക്കം.ഇതേത്തുടർന്നാണ് ഷിയാസ് ഹൈക്കോടതിയെ സമീപിച്ചത്.
കോതമംഗലത്തെ പ്രതിഷേധത്തിനെതിരെയെടുത്ത കേസില്‍ ഷിയാസിനും മാത്യു കുഴൽനാടനുമൊമൊപ്പം അറസ്റ്റിലായ 14 പ്രവർത്തകർക്കും ജാമ്യം ലഭിച്ചിരുന്നു. അടുത്ത മൂന്നുമാസം കോതമംഗലം ടൗണില്‍ പ്രവേശിക്കരുതെന്ന നിബന്ധനയിലായിരുന്നു ജാമ്യം. കോതമംഗലത്ത് നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. ആശുപത്രി സംരക്ഷണ നിയമപ്രകാരം ഉൾപ്പെടെയുള്ള വകുപ്പുകൾ മാത്യുകുഴൽനാടനെതിരേ ചുമത്തിയിരുന്നു. ഇരുവർക്കും കഴിഞ്ഞദിവസം കോടതി താത്കാലിക ജാമ്യം അനുവദിച്ചിരുന്നു.