കൊച്ചി : തിരുവനന്തപുരം കാരക്കോണം മെഡിക്കൽ കോളജ് തലവരിപ്പണക്കേസിൽ സിഎസ്ഐ സഭാ മുൻ ബിഷപ്പ് ധര്‍മരാജ് റസാലത്തിന് തിരിച്ചടി. കേസിൽ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നുള്ള ഹരജി ഹൈക്കോടതി തള്ളി. ഇഡി രജിസ്റ്റർ ചെയ്ത കേസിലാണ് തിരിച്ചടി.
കാരക്കോണത്തെ സിഎസ്ഐ മെഡിക്കൽ കോളജിൽ പ്രവേശനത്തിനായി നിരവധി പേരിൽനിന്ന് തലവരിപ്പണം വാങ്ങിയതിൽ റസാലത്തിനെതിരെ നേരത്തെ ഇ.ഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. കഴിഞ്ഞദിവസം ഈ ഹരജിയിൽ വാദം പൂർത്തിയായിരുന്നു.
28 കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നായി ഏഴ് കോടിയോളം രൂപ കോഴ വാങ്ങിയെന്നാണ് കേസ്. എന്നാൽ താൻ നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും ആരോപിക്കപ്പെടുന്ന കുറ്റം കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമായിരുന്നു റസാലത്തിന്റെ വാദം.
റസാലത്തിനെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ കേസുമായി ബന്ധപ്പെട്ട നിരവധി നിർണായക വിവരങ്ങളുണ്ടായിരുന്നു. രക്ഷിതാക്കളുടെ മൊഴിയും പണം നൽകിയ രേഖയുമൊക്കെ കുറ്റപത്രത്തിലുൾപ്പെടുത്തിയിരുന്നു. കോളജ് വികസനത്തിനുൾപ്പെടെ ഈ തുക വിനിയോഗിക്കപ്പെട്ടതായും കണ്ടെത്താനായിരുന്നില്ല.
അതേസമയം, കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ ഈ പണം തിരികെ നൽകാൻ ഇഡി നീക്കമാരംഭിക്കുകയും ചിലർക്ക് തിരികെ നൽകുകയും ചെയ്തിരുന്നു. തുക തിരിച്ചുകൊടുക്കുന്ന നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.