

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ 25 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ആശ്രിത ധനസഹായ പദ്ധതിയുമായി സര്‍ക്കാര്‍. ‘രക്ഷാകവചം’ എന്ന പേരിലാണ് പദ്ധതി. തൊഴില്‍വകുപ്പിന്റെ വേതന സുരക്ഷാപദ്ധതിയില്‍ അംഗങ്ങളായവര്‍ക്കായാണ് രക്ഷാകവചത്തിന്റെ ആനുകൂല്യം ലഭിക്കുക. തൊഴിലാളിക്ക് അപകടമരണം സംഭവിച്ചാല്‍ അഞ്ച് ലക്ഷം രൂപ ആശ്രിതര്‍ക്ക് നല്‍കും.
രാജ്യത്ത് ആദ്യമായാണ് സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നു. അപകടം സംഭവിച്ചാല്‍ തൊഴിലാളി നഷ്ടപരിഹാര നിയമപ്രകാരം തൊഴിലുടമ നല്‍കേണ്ട ആനുകൂല്യങ്ങള്‍ക്ക് പുറമെയാണ് ആശ്രിതര്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുക. അപകടം തൊഴിലിടത്തിന് പുറത്തായാലും സഹായം ലഭിക്കും. പദ്ധതി 10ന് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.
സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള വേതന സുരക്ഷാ പദ്ധതിയുടെ ഭാഗമായി ബാങ്ക് വഴിയാണ് ശമ്പളം നല്‍കുന്നത്. പദ്ധതി പ്രകാരം, ഇതിനായുള്ള ഐടി പ്ലാറ്റ്ഫോമില്‍ തൊഴില്‍ സ്ഥാപനം വിവരം രജിസ്റ്റര്ചെയ്യും. മിനിമം വേതനം തൊഴിലാളിക്ക് ലഭിക്കുന്നുണ്ടോയെന്ന് തൊഴില്‍ വകുപ്പ് പ്ലാറ്റ്ഫോമിലൂടെ നിരീക്ഷിച്ച് ഉറപ്പാക്കും.
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഏജന്‍സിയായ ചിയാക് വിഭാവനംചെയ്ത പദ്ധതി തൊഴില്‍വകുപ്പിന്റെ പൂര്‍ണ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. പദ്ധതി വിഹിതമായി 150 രൂപ ഓരോ തൊഴിലാളിയില്‍നിന്നും സ്വീകരിക്കും. 2025 -26 ബജറ്റില്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.