വയനാട്: മാനന്തവാടിയിൽ ഇന്നലെ ഒരാളുടെ ജീവനെടുത്ത ആനയെ ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റി. തോൽപ്പെട്ടി വനമേഖലയിലേക്കാണ് മാറ്റിയത്. പുലർച്ചയോടെയാണ് വനംവകുദ്യോഗസ്ഥർ ആനയെ പുഴ കടത്തിയത്. മയക്കുവെടി വെക്കാനുള്ള നീക്കം ഉപേക്ഷിച്ചിട്ടില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. ആനയെ പിടികൂടാനുള്ള ദൗത്യം ഉടനുണ്ടാകുമെന്നാണ് വനംമന്ത്രി എ.കെ ശശീന്ദ്രന്റെ പ്രതികരണം.
കാട്ടാനയുള്ളത് ഉൾവനത്തിലാണ്. ആനയുടെ ആരോഗ്യസ്ഥിതി നോക്കി മയക്കുവെടിവെക്കും. തണ്ണീർ കൊമ്പന്റെ അനുഭവത്തിൽനിന്ന് പാഠം ഉൾക്കൊണ്ടായിരിക്കും ദൗത്യമെന്നും മന്ത്രി പറഞ്ഞു. ബേലൂർ മഖ്ന നിലവിൽ ചാലിഗദ്ധ ഭാഗത്ത് ഉണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. ആര്‍ആര്‍ടി വിഭാഗം ആനയെ അകലം ഇട്ട് നിരീക്ഷിക്കുകയാണ്. കുന്നിന്റെ മുകളിലുള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാനാകും ദൗത്യ സംഘം ശ്രമിക്കുക. രണ്ടു കുംകികൾ ഇതിനോടകം എത്തിയിട്ടുണ്ട്. രണ്ടുപേരെ കൂടി വൈകാതെ എത്തിക്കും. കൂടുതൽ വെറ്റിനറി ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തി ദൗത്യ സംഘം വിപുലമാക്കിയിട്ടുണ്ട്.
ആനയെ പിടിച്ചാൽ മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റും. വിശദമായ ആരോഗ്യ പരിശോധന പൂർത്തിയാക്കിയാക്കിയാവും വനംവകുപ്പ് തുടർ നടപടി സ്വീകരിക്കുക. വടക്കൻ കേരളത്തിന്റെ ചുമതലയുള്ള സിസിഎഫ് മാനന്തവാടിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. വെറ്ററിനറി സംഘത്തെ ഡോ അജേഷ് മോഹൻദാസാണ് നയിക്കുന്നത്. തണ്ണീർ കൊമ്പൻ ദൗത്യം ദുരന്തത്തിൽ കലാശിച്ച പശ്ചാത്തലത്തിൽ ഏറെ കരുതലോടെയാണ് പടമലയിലെ ആനയെ പിടികൂടാൻ വനവകുപ്പ് തയ്യാറെടുപ്പുകൾ നടത്തുന്നത്. നാട്ടുകാരുടെ പ്രതിഷേധം അതിരു വിടാതിരിക്കാൻ ഉള്ള ജാഗ്രതയിലാണ് പൊലീസ്.