തിരുവനന്തപുരം: യാത്രയ്ക്കിടെ ഡ്രൈവർ ബോധരഹിതനായി കണ്ടക്ടറുടെ സമയോചിത ഇടപെടലിലൂടെ രക്ഷ നേടിയത് 40 ജീവനുകൾ. ആര്യനാട് നിന്നും ഗുരുവായൂരിലേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാവിലെ 5. 55നാണ് ബസ് ആര്യനാട് ഡിപ്പോയിൽ നിന്നും പുറപ്പെട്ടത്.
ചങ്ങനാശേരി ഡിപ്പോയിൽ കയറിയശേഷം 300 മീറ്റർ പിന്നിട്ടപ്പോഴേക്കും ഡ്രൈവറായ കോഴിക്കോട് സ്വദേശി ഷംസീർ ബോധരഹിതനാവുകയായിരുന്നു. സീറ്റിന്റെ ഇടതുവശത്തേക്ക് ഡ്രൈവർ ചരിഞ്ഞ് വീണതോടെ മുൻ സീറ്റിലുണ്ടായിരുന്ന യാത്രക്കാർ നിലവിളിച്ചു.
പിന്നിൽ ടിക്കറ്റ് നൽകിക്കൊണ്ടിരുന്ന കണ്ടക്ടറായ ആര്യനാട് സ്വദേശി ജി. എസ്. സുഭാഷ് ഓടി മുമ്പിലെത്തി. ബസിന്റെ നിയന്ത്രണം ഡ്രൈവറിൽ നിന്ന് പൂർണമായി നഷ്ടമായെന്ന് മനസിലാക്കിയതോടെ സുഭാഷ് ഗിയർ ബോക്സിന് മുകളിൽ നിന്ന് ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് റോഡരികിലേക്ക് ഒതുക്കി നിർത്തുകയായിരുന്നു. തുടർന്ന് ദീർഘദൂര യാത്രക്കാർക്ക് മറ്റ് ബസിലേക്ക് കയറാനുള്ള പാസ് നൽകിയ ശേഷം സുഭാഷ് ഷംസീറിനെ ആശുപത്രിയിലേക്കെത്തിച്ചു. സുഭാഷിന് നാനാ ഭാഗങ്ങളിൽ നിന്നും അഭിനന്ദന പ്രവാഹമാണ്.