ചെന്നൈ : കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ തമിഴ്നാട്ടിലെ ശ്രീവൈകുണ്ഠത്ത് ട്രെയിനില്‍ കുടുങ്ങിയ 800 യാത്രക്കാരില്‍ 350പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുന്നു. വ്യോമസേന, ദേശീയ ദ്രുതകര്‍മ്മസേന, റെയില്‍വേ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. അതേസമയം, ദുരിതാശ്വാസ പദ്ധതികള്‍ ചര്‍ച്ച ചെയ്യാനായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ഇന്ന് പ്രധാനമന്ത്രിയെ കാണും. രാത്രി 10.30 നാണ് കൂടിക്കാഴ്ച്ച.
ഇതുവരെ 12,553 പേരെ രക്ഷപ്പെടുത്തി 143 ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റിയതായി മുഖ്യമന്ത്രി എംകെ സ്റ്റാലിന് പറഞ്ഞു. ദുരിതബാധിത ജില്ലകള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും അടിയന്തര സഹായമെന്ന നിലയില്‍ ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം നാലായി. വീടുകളില്‍ വെള്ളം കയറിയും മതിലിടിഞ്ഞുമാണ് അപകടങ്ങള്‍.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രത്തോട് കൂടുതല്‍ തുക ആവശ്യപ്പെട്ടതായി ഡല്‍ഹിയില്‍ എംകെ സ്റ്റാലിന് പറഞ്ഞു. അടിയന്തര സഹായത്തിനായി 7,300 കോടി രൂപയും ശാശ്വത സഹായത്തിനായി 12,000 കോടി രൂപയുമാണ് ആവശ്യപ്പെട്ടത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് മന്ത്രിമാരെയും 10 ഐഎഎസ് ഉദ്യോഗസ്ഥരെയും അയച്ചതായും എസ്ഡിആര്‍എഫിന്റെയും എന്‍ഡിആര്‍എഫിന്റെയും 15 ടീമുകള്‍ മറ്റ് സേനകള്‍ക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തെക്കന്‍ ജില്ലകളായ കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഇവിടങ്ങളില്‍ റോഡുകളും പാലങ്ങളും നെല്‍വയലുകളും വെള്ളത്തിനടിയിലായി. മഴക്കെടുതിയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം ഊര്‍ജിതമായി പുരോഗമിക്കുന്നു. വിവിധ മേഖലകളില്‍ ഇന്ത്യന്‍ വ്യോമസേനയും സൈന്യവും മറ്റ് രക്ഷാപ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. വ്യോമസേനയുടെ സതേണ്‍ എയര്‍ കമാന്‍ഡ് ഹെലികോപ്റ്ററുകള്‍ ദുരിതാശ്വാസ ദൗത്യത്തിന് വിന്യസിച്ചിട്ടുണ്ട്. തെക്കന്‍ തമിഴ്നാട്ടിലെ പ്രളയത്തില്‍ നിന്നും ഗര്‍ഭിണിയെയും ഒന്നരവയസുകാരിയെയും ഉള്‍പ്പടെ 111 പേരെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി. വ്യോമസേന. 57 സ്ത്രീകളെയും 39 പുരുഷന്മാരെയും 15 കുട്ടികളെയുമായി രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു.
തെക്കന്‍ തമിഴ്നാടിന്റെ മിക്ക ഭാഗങ്ങളിലും മഴ ഏതാണ്ട് നിലച്ചിട്ടുണ്ടെങ്കിലും, വെള്ളപ്പൊക്കം ഇപ്പോഴും ശക്തമാണ്. അതേസമയം, സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.