ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തേക്ക് രക്ഷാപ്രവർത്തനദൗത്യവുമായി കൊച്ചിയിലെ അമൃത ആശുപത്രിയും. വയനാട്ടിലേക്ക് പുറപ്പെടുന്ന അമൃതയുടെ അത്യാധുനിക സൗകര്യങ്ങളുള്ള ഡിസാസ്റ്റർ മാനേജ്മെൻ്റ് മെഡിക്കൽ യൂണിറ്റ് വാഹനത്തിൻ്റെ ഫ്ളാഗ് ഓഫ് മന്ത്രി പി. രാജീവ് നിർവ്വഹിച്ചു.
ഹൃദയഭേദകമായ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നതെന്നും ഈ ഘട്ടത്തിൽ പല തലങ്ങളിലുള്ള സഹായങ്ങളും സേവനങ്ങളുമാണ് നാട് ആവശ്യപ്പെടുന്നതെന്നും പി. രാജീവ് പറഞ്ഞു. ദുരന്തഭൂമികളിൽ സഹായമെത്തിക്കാൻ കഴിയുന്ന രീതിയിൽ പ്രത്യേകമായി രൂപകല്പന ചെയ്തിട്ടുള്ള വാഹനമാണ് അമൃതയിൽനിന്ന് പുറപ്പെട്ടിട്ടുള്ളതെന്നും ഇതൊരു നല്ല ദൗത്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എറണാകുളം ഡി.എം.ഒ ഡോ. കെ. സവിത , നോഡൽ ഓഫീസർ ഡോ. ദയ പാസ്കൽ, ആർ.സി. എച്ച് ഓഫീസർ എം എസ് രശ്മി, ബ്രഹ്മചാരി ഡോ. ജഗ്ഗു, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. വി. ബീന, ജനറൽ മാനേജർ സി. വി. വിനായകൻ, സ്കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
ഡോ. ജഗ്ഗു, ഡോ. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാരും, ടെക്നീഷ്യൻമാരും, പാരാമെഡിക്കൽ സ്റ്റാഫുമടങ്ങുന്ന ഇരുപതംഗ സംഘമാണ് സർക്കാർ അനുമതിയോടു കൂടി
വയനാട്ടിലേക്ക് പുറപ്പെട്ടത്.
മരുന്നുകൾക്കു പുറമെ മിനി ഓപ്പറേഷൻ തിയേറ്റർ, എക്സ്-റേ, അൾട്രാ സൗണ്ട്, എക്കോ, ഹൈ- സ്പീഡ് ലാബ്, ടെലിമെഡിസിൻ തുടങ്ങിയ സംവിധാനങ്ങൾ വാഹനത്തിൽ സജ്ജമാണ്.
ദുരന്തബാധിതപ്രദേശത്ത്
കൽപറ്റയിലെ അമൃതകൃപ ചാരിറ്റബിൾ ആശുപത്രി നിലവിൽ വൈദ്യസഹായങ്ങൾ നൽകുന്നുണ്ട്.
ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ആന്ധ്ര എന്നിവിടങ്ങളിലെ ദുരന്തമുഖങ്ങളിൽ പ്രവർത്തിച്ച വിദഗ്ധ മെഡിക്കൽ സംഘമാണ് വയനാട്ടിലേക്കും സഹായഹസ്തവുമായി എത്തുന്നത്.